News

മ്യാന്മറില്‍ ഭവനരഹിതരായവര്‍ക്ക് അഭയകേന്ദ്രങ്ങളായി കത്തോലിക്ക ദേവാലയങ്ങള്‍

സ്വന്തം ലേഖകന്‍ 16-05-2018 - Wednesday

യാങ്കൂൺ: മ്യാന്മറില്‍ സൈനികാക്രമണത്തെ തുടര്‍ന്നു ഭവനരഹിതരായവര്‍ക്ക് അഭയകേന്ദ്രങ്ങളായി കത്തോലിക്കാ ദേവാലയങ്ങള്‍. വടക്കന്‍ മേഖലയിലെ കച്ചിന്‍ സംസ്ഥാനത്തെ കലാപകാരികളെ അടിച്ചമര്‍ത്തുവാന്‍ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ ഫലമായി ഭവനരഹിതരായ ആയിരകണക്കിനു ആളുകള്‍ക്കാണ് കച്ചിന്‍ മേഖലയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ സാന്ത്വനമായി മാറിയത്. മ്യിറ്റ്കിനാ, തനായി, ടാങ്ങ്ഫ്രെ, നാംടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു ഏതാണ്ട് രണ്ടായിരത്തോളം ആളുകളാണ് കത്തോലിക്കാ ദേവാലയങ്ങളില്‍ അഭയം തേടിയിരിക്കുന്നത്.

മ്യിറ്റ്കിനാക്ക് സമീപമുള്ള വൈമോ പട്ടണത്തില്‍ കത്തോലിക്ക സഭ നടത്തുന്ന ഭവന രഹിതരായവര്‍ക്കുള്ള ക്യാമ്പില്‍ ഇരുനൂറോളം പേര്‍ കഴിയുന്നുണ്ട്. സൈന്യത്തിന്റെ ആക്രമണ സാധ്യത മുന്നില്‍ കണ്ടുകൊണ്ടു അറുനൂറിലധികം ആളുകള്‍ ഇങ്ങ്യാന്യാങ്ങില്‍ നിന്നും പലായനം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണെന്ന് മ്യിറ്റ്കിനായിലെ സെന്റ്‌ കൊളംബന്‍സ് കത്തീഡ്രലിലെ ഇടവക വികാരിയായ ഫാ. പീറ്റര്‍ ഹ്കാ ആങ്ങ്‌ തു പറയുന്നു. കച്ചിനിലെ സാഹചര്യം ഏറെ പരിതാപകരമാണെന്ന് ഫാ. ആങ്ങ്‌ തു വെളിപ്പെടുത്തി.

തനായി, ആംബര്‍, ഗോള്‍ഡ്‌ റീജിയന്‍ തുടങ്ങിയവക്ക് സമീപമുള്ള വനത്തില്‍ ഏതാണ്ട് അറുനൂറോളം ആളുകളാണ് ഏപ്രില്‍ 11 മുതല്‍ കുടുങ്ങി കിടന്നതെന്നും സഭാ സംഘടനകളുടെ സഹായത്തോടെ കഴിഞ്ഞയാഴ്ച മാത്രമാണ് അവര്‍ക്ക് തിരികെ വരുവാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്മാറിന്റെ ഭാഗമാകുന്ന സമയത്ത് കച്ചിന്‍ ഗോത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി സ്ഥാപിതമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്റെ സൈനീക വിഭാഗമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA) ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നു പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായത്.

സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദശാബ്ദങ്ങളായി നടന്നുവരുന്ന പോരാട്ടം ഇടക്ക് വെച്ച് നിന്നെങ്കിലും 2011-ല്‍ പുനരാരംഭിക്കുകയാണുണ്ടായത്. തോക്കുകള്‍, പീരങ്കികള്‍, ഹെലികോപ്ടര്‍, ജെറ്റ് തുടങ്ങിയവ ഉപയോഗിച്ച് മ്യാന്‍മര്‍ സൈന്യം നടത്തുന്ന കടുത്ത ആക്രമണം ഏതാണ്ട് ഒരുലക്ഷത്തോളം ആളുകളെയാണ് ഭവന രഹിതരാക്കിയിരിക്കുന്നത്. കച്ചിന്‍ സംസ്ഥാനത്തിലെ ജനസംഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്.

More Archives >>

Page 1 of 319