News - 2025
ദൈവ വിശ്വാസം അമേരിക്കയുടെ പ്രതീക്ഷയും അടിത്തറയും: മൈക്ക് പെന്‍സ്
സ്വന്തം ലേഖകന്‍ 14-05-2018 - Monday
മിഷിഗണ്‍: ദൈവ വിശ്വാസം അമേരിക്കന്‍ ജനതയുടെ പ്രതീക്ഷയുടെ ഉറവിടവും, സ്വാതന്ത്ര്യത്തിന്റെ അടിത്തറയുമാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. മിഷിഗണിലെ ഹില്‍സ്ഡേല്‍ കോളേജിലെ 2018 ബാച്ചിലെ ബിരുദധാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ദൈവ വിശ്വാസം ക്ഷയിക്കുകയല്ല മറിച്ച്, ഓരോ ദിവസവും വിശ്വാസം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"പാരമ്പര്യ മൂല്യങ്ങളും, ദൈവവിശ്വാസവും മതനിരപേക്ഷ സംസ്കാരത്തിനു വഴിമാറികൊണ്ടിരിക്കുന്ന ഒരുകാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ദൈവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അമേരിക്കയില്‍ വിശ്വാസം ക്ഷയിക്കുകയല്ല മറിച്ച്, ഓരോ ദിവസവും ജീവിതത്തില്‍ വിശ്വാസം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്". പെന്‍സ് വിവരിച്ചു. തന്റെ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
അമേരിക്കയുടെ ജനസംഖ്യയില്‍ വലിയ തോതിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടായിട്ടു പോലും, പ്രാര്‍ത്ഥനയും, ആഴ്ചതോറും ദേവാലയ സന്ദര്‍ശനം, ബൈബിള്‍ വായനയുമായി കഴിയുന്ന അമേരിക്കക്കാരുടെ ശതമാനത്തില്‍ എടുത്തുപറയത്തക്ക കുറവൊന്നും വന്നിട്ടില്ലെന്നായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മൈക് പെന്‍സിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ പോളിറ്റിക്കല്‍ സയന്‍സ് ഇന്‍സ്ട്രക്ടറും വിശ്വാസ രാഷ്ട്രീയ വിഷയങ്ങളില്‍ നിരീക്ഷകനുമായ റയാന്‍ ബുര്‍ഗെ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ 25 വര്‍ഷമായി ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, ആഴ്ചതോറും ദേവാലയങ്ങളില്‍ പോകുന്നവരുടെ എണ്ണം സ്ഥിരമായി തന്നെ നില്‍ക്കുകയാണെന്നു ബുര്‍ഗെ ട്വീറ്റ് ചെയ്തു. ഇതുസംബന്ധിച്ച ജനറല്‍ സോഷ്യല്‍ സര്‍വ്വേ വിവരങ്ങളും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.