News - 2025

പരിശുദ്ധാരൂപിയ്ക്കു വിധേയപ്പെടുന്നതിന് വിവേചന വരം ആവശ്യം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 16-05-2018 - Wednesday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാരൂപിയ്ക്കു വിധേയപ്പെടുന്നതിന് വിവേചനത്തിന്‍റെ വരം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. മെയ് 15-ാം തീയതി ചൊവ്വാഴ്ച സാന്താമാര്‍ത്താ കപ്പേളയില്‍ പ്രഭാതബലിമധ്യേ വചനസന്ദേശം നല്‍കുകയായിരിന്നു പാപ്പ. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 20-ാമധ്യായത്തില്‍ നിന്നുള്ള ആദ്യവായനയെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചനവിചിന്തനം നടത്തിയത്. പൗലോസ് ശ്ലീഹാ എഫേസോസ് സഭയിലെ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടിയശേഷം, 'പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി താന്‍ അവിടെ നിന്നു ജറുസലെമിലേയ്ക്കു പോകുന്നു' എന്ന വചനഭാഗം എടുത്തുപറഞ്ഞുകൊണ്ട് പരിശുദ്ധാരൂപിയ്ക്കു വിധേയപ്പെടുന്നതിന് വിവേചനത്തിന്‍റെ വരം ആവശ്യമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

കാരാഗൃഹവും പീഡനങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട്, ജറുസലേമിലേയ്ക്കു പോകുന്ന പൗലോസ് ശ്ലീഹായുടെ പരിശുദ്ധാത്മാവിനോടുള്ള അനുസരണത്തെ വിശദീകരിച്ച പാപ്പ, മെത്രാന്മാരുടെ പ്രഥമ സ്നേഹവിഷയം യേശുക്രിസ്തുവാണെന്ന് സന്ദേശം ശ്രവിക്കുകയായിരിന്ന ബിഷപ്പുമാരെ ഓര്‍മ്മിപ്പിച്ചു. രണ്ടാമത്തേത് അജഗണങ്ങളാണ്. അജഗണങ്ങളെ കാത്തുസൂക്ഷിക്കുക. നിങ്ങള്‍ മെത്രാന്മാരായിരിക്കുന്നത്, അജഗണങ്ങള്‍ക്കു വേണ്ടിയാണ്, അവരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. അത് സഭയിലെ ഒരു ഉദ്യോഗമല്ല. പൗലോസ് ശ്ലീഹായുടെ പ്രഘോഷണം ഒരു സാക്ഷ്യവും വെല്ലുവിളിയുമാണ്. അത് പരിശുദ്ധാത്മാവിനോടുള്ള അനുസരണവും, അജഗണങ്ങളോടുള്ള സ്നേഹവുമായിരുന്നു. പൗലോസിന് ഒന്നും സ്വന്തമായുണ്ടായിരുന്നില്ല, ദൈവകൃപയല്ലാതെ. എല്ലാ മെത്രാന്മാര്‍ക്കും ഇപ്രകാരമുള്ള കൃപ ദൈവം പ്രദാനം ചെയ്യട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്

More Archives >>

Page 1 of 319