Life In Christ - 2025
അമ്മയുടെ വാഗ്‌ദാനം നിറവേറ്റി മിന്‍ വു നാളെ വൈദികനാകും
സ്വന്തം ലേഖകൻ 25-05-2018 - Friday
ഹോ ചി മിന്‍ സിറ്റി: മധ്യ വിയറ്റ്‌നാമിലെ വിന്‍ രൂപതാംഗമായ 'മിന്‍ വു' ജനിക്കുന്നതിനു മുൻപ് തന്നെ അവന്റെ അമ്മ പ്രഖ്യാപനം നടത്തി. "തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ ഉറപ്പായും അവന് ദൈവത്തിന് സമർപ്പിച്ചു വൈദികനാക്കും". കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ദൈവത്തിന് കൊടുത്ത കേവലം വെറും വാഗ്ദാനമായിരുന്നല്ല അത്. പിന്നെയോ ആത്മ സമർപ്പണത്തിന്റെ വിശ്വാസ തീക്ഷ്ണതയുടെയും പ്രഖ്യാപനമായിരുന്നു അത്. ആ അമ്മയുടെ വാക്കുകൾ നാളെ യാഥാർത്ഥ്യമാകുകയാണ്.
നാളെ മെയ് 26ന് മിന്‍ വു തിരുപട്ടം സ്വീകരിച്ചു അഭിഷിക്തനാകും. 5th സ്ട്രീറ്റിലെ അസംപ്ഷന്‍ കത്തീഡ്രലില്‍ വെച്ചാണ് പട്ട സ്വീകരണ ചടങ്ങുകള്‍ നടക്കുക. ആർച്ച് ബിഷപ്പ് ജോസഫ് ഇ. കുര്‍ട്സ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
ശക്തമായ ദൈവവിശ്വാസമുള്ള കത്തോലിക്കാ കുടുംബത്തിലെ 7 മക്കളില്‍ ഏറ്റവും ഇളയവനാണ് വു. വു ജനിക്കുന്നതിനു മുന്‍പ് തന്നെ അവന്റെ അമ്മ അവനെ സമര്‍പ്പിത ജീവിതത്തിനായി നേരുകയായിരുന്നു. ആ നേര്‍ച്ചയാണ് ഇപ്പോള്‍ സഫലമാകുന്നത്. പൗരോഹിത്യമെന്ന അഭിലാഷം ഉള്ളില്‍ ഉള്ളതുകൊണ്ട് തന്റെ സ്കൂള്‍ ജീവിതവും, കൗമാരവും ദൈവത്തോട് ചേർന്നായിരുന്നുവെന്നു വു പറയുന്നു. ഹോ ചി മിന്‍ സിറ്റി സര്‍വ്വകലാശാലയിലാണ് വു സാമൂഹ്യ ശാസ്ത്രവും, ഹ്യുമാനിറ്റീസും പഠിച്ചത്. 2005-ല്‍ നരവംശശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഒരു ജേര്‍ണലിസ്റ്റായി ജോലി ചെയ്തുകൊണ്ടാണ് സെമിനാരിയിലേക്കുള്ള പ്രവേശന പരീക്ഷക്ക് വു തയ്യാറെടുപ്പുകള്‍ നടത്തിയത്.
2007-ല്‍ സെമിനാരിയില്‍ പ്രവേശിച്ച വു തത്വശാസ്ത്രവും, ഹുമാനിറ്റീസും വിശ്വാസ പ്രബോധനങ്ങളും പഠിച്ചു. ഉന്നത പഠനത്തിനായി തന്നെ അമേരിക്കയിലെത്തിച്ചതും, മധ്യ കെന്റക്കിയിലെ പുരോഹിതനാക്കിയതും പരിശുദ്ധാത്മാവാണെന്നു വു സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ “ഞാന്‍ നിന്നെ എന്റെ ഹൃദയത്തില്‍ ചേര്‍ത്തിരിക്കുന്നു” എന്ന വാക്യമാണ് മിൻ വുവിന്റെ പൗരോഹിത്യ മുദ്രാവാക്യം. പ്രഥമ ബലിയർപ്പണം നടത്തിയതിനു ശേഷം വു, ജൂണില്‍ വിയറ്റ്‌നാമിലെ സ്വന്തം രൂപതയായ വിന്നിലെത്തും.
നാളെ ഡീക്കൻമാരായ റോബര്‍ട്ട് ബാര്‍നെല്‍, ബ്രാന്‍ഡന്‍ ഡി ടോമ, ഡേവിഡ് ഫാരെല്‍, കിയന്‍ ന്ഗൂയെന്‍ എന്നിവരും മിന്‍ വുവിനോടൊപ്പം തിരുപട്ടം സ്വീകരിക്കുന്നുണ്ട്.