News - 2025
വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെങ്കില്‍ കത്തോലിക്കരാകൂ: ആരാധനാ സമിതി മുന്‍ തലവന്‍
സ്വന്തം ലേഖകന്‍ 28-05-2018 - Monday
ബക്ക്ഫാസ്ലെ, ഇംഗ്ലണ്ട്: വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെങ്കില്‍ കത്തോലിക്കരാകൂ എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ ആരാധനാ സമിതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ. ദിവ്യകാരുണ്യ സ്വീകരണം ദൈവീക ചൈതന്യം നിറഞ്ഞ അവസ്ഥയിലുള്ള കത്തോലിക്കര്‍ക്ക് മാത്രമേ പാടുള്ളൂവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച അമേരിക്കന്‍ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ ‘കാത്തലിക് ന്യൂസ് സര്‍വ്വീസി'ല്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
വിവാഹ മോചനം നേടിയവരും, പുനര്‍വിവാഹിതരുമായ കത്തോലിക്കര്‍ക്കും, അകത്തോലിക്കരായ ജീവിത പങ്കാളികള്‍ക്കും ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കുന്നത് സഭാപ്രബോധനങ്ങള്‍ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന്‍ കര്‍ദ്ദിനാള്‍ കുറിച്ചു. വിവാഹത്തേയും, കുടുംബത്തേയും സംബന്ധിച്ച് 2016-ല്‍ പുറത്തിറങ്ങിയ ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ ‘അമോരിസ് ലെത്തീസ്യ’യ്ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെയുടെ ലേഖനം.
“മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ വിശുദ്ധ കുര്‍ബാന നമ്മുടെ സ്വകാര്യസ്വത്തല്ല” എന്നാണ് അകത്തോലിക്ക സഭകള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നതിനെ കുറിച്ച് കര്‍ദ്ദിനാള്‍ പറഞ്ഞത്. വിശുദ്ധ കുര്‍ബാന സഭാപരമായ ഒരു കര്‍മ്മമല്ല, മറിച്ച് തന്റെ ശരീരം രക്തവും, മാംസം അപ്പവുമാക്കി മാറ്റിക്കൊണ്ട് കുരിശില്‍ കിടന്നു നമുക്ക് വേണ്ടി മരിച്ച യേശുവിന്റെ രഹസ്യങ്ങളുടെ ഓര്‍മ്മപുതുക്കലാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഓര്‍മ്മപുതുക്കലാണ് വിശുദ്ധ കുര്‍ബാന. കൂദാശകളിലൂടേയും, വിശ്വാസത്തിലൂടെയുമാണ് അവര്‍ തങ്ങളുടെ പുരോഹിതനും, മെത്രാനും, പാപ്പായുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ ആ സമൂഹത്തിന് പുറത്തുള്ളവര്‍ വിശുദ്ധ കുര്‍ബാനക്ക് സ്വീകരണത്തിനു യോഗ്യരല്ലായെന്നും കര്‍ദ്ദിനാള്‍ രേഖപ്പെടുത്തി.
ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്ററില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ചില പ്രൊട്ടസ്റ്റന്റ്കാര്‍ വിശുദ്ധ കുര്‍ബാന വെറുമൊരു അപ്പകഷണമാണെന്ന് പറഞ്ഞ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ അരിന്‍സെ പ്രസ്താവനയുമായി രംഗത്തെത്തിയത്. കര്‍ദ്ദിനാള്‍ അരിന്‍സെക്ക് പുറമേ കര്‍ദ്ദിനാള്‍മാരായ റോബര്‍ട്ട് സാറ, ജേറാര്‍ഡ് മുള്ളര്‍, വില്ലെം ഐജിക്, മെത്രാപ്പോലീത്തമാരായ ചാള്‍സ് ചാപുട്ട്, ടെറെന്‍സ് പ്രെന്‍ഡര്‍ഗാസ്റ്റ്, ഓക്സിലറി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍ തുടങ്ങിയ പിതാക്കന്‍മാരും വിശുദ്ധ കുര്‍ബാന പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന് നല്‍കാന്‍ പാടില്ലായെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ്.