News - 2025

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് സഹായമെത്തിക്കാന്‍ വത്തിക്കാന്‍ ഏജന്‍സി

സ്വന്തം ലേഖകന്‍ 27-05-2018 - Sunday

ഒട്ടാവ, കാനഡ: മധ്യപൂര്‍വ്വേഷ്യയിലെ പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വദേശങ്ങളില്‍ പിടിച്ചു നില്‍ക്കുന്ന ക്രൈസ്തവരുടെ സഹായത്തിനായി പേപ്പല്‍ ഏജന്‍സിയായ ‘ദി കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന്‍’ (CNEWA) കാനഡ ധനസമാഹരണം നടത്തുന്നു. ‘ക്രിസ്റ്റ്യന്‍സ് കാണ്ട് സര്‍വൈവ് വിതൗട്ട് യു’ എന്ന പേരിട്ടിരിക്കുന്ന ധനസമാഹരണ യജ്ഞത്തിനു മെയ് 16-നാണ് ആരംഭം കുറിച്ചത്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ 25 ലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഭവനരഹിതരായ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ദി കത്തോലിക് നിയര്‍ ഈസ്റ്റിന്റെ ധനസമാഹരണം.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുകയാണെങ്കില്‍, ക്രിസ്ത്യാനി എന്ന നിലയില്‍ നമ്മള്‍ നമ്മളോടു തന്നെ പുറം തിരിഞ്ഞു നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് സംഘടനയുടെ കാനഡയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ കാള്‍ ഹേറ്റു പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ മേല്‍ ശ്രദ്ധ കാണിക്കണമെന്ന് കാനഡയിലെ ക്രൈസ്തവരെ ഓര്‍മ്മിപ്പിക്കുകയാണ് ധനസമാഹരണത്തിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപൂര്‍വ്വേഷ്യ, വടക്ക്-കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ അജപാലനപരവും, മാനുഷികവുമായ സഹായങ്ങള്‍ ചെയ്യുവാന്‍ 1926-ല്‍ സ്ഥാപിതമായ വത്തിക്കാന്‍ ഏജന്‍സിയാണ് ദി കത്തോലിക് നിയര്‍ ഈസ്റ്റ്. സമീപകാലങ്ങളില്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകാരണം ഭവനരഹിതരായ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സ്കൂളുകളും, നഴ്സറികളും, മെഡിക്കല്‍ ക്ലിനിക്കുകളും സംഘടന നിര്‍മ്മിച്ചു നല്‍കിയിരിന്നു. ഇതിനു പുറമേ ഇര്‍ബിലിലെ സെന്റ്‌ പീറ്റേഴ്സ് പാട്രിയാര്‍ക്കല്‍ സെമിനാരിയേയും സഹായിച്ചിട്ടുണ്ട്.

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണം, ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തന്നെയാണെന്ന് സംഘടനയുടെ യുടെ ബോര്‍ഡ്‌ പ്രസിഡന്റായ ഒട്ടാവയിലെ ടെറെന്‍സ് പ്രെന്‍ഡര്‍ഗാസ്റ്റ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ക്രിസ്തുവില്‍ ഒരേ ശരീരമായ ഓരോരുത്തരും മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുമായി ഐക്യപ്പെട്ടിരിക്കേണ്ടവരാണെന്നും അവരുടെ കഷ്ടപ്പാടുകള്‍ നമ്മളുടെ കഷ്ടപ്പാടുകളാണെന്ന് മനസ്സിലാക്കണമെന്നുമാണ് ദി കത്തോലിക് നിയര്‍ ഈസ്റ്റ് ഓര്‍മ്മിപ്പിക്കുന്നത്.

More Archives >>

Page 1 of 323