News - 2025

ബ്രസീലില്‍ വൈദികരുടെ എണ്ണത്തില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ച

സ്വന്തം ലേഖകന്‍ 28-05-2018 - Monday

ബ്രസീലിയ: വൈദികരുടെ എണ്ണത്തില്‍ ശക്തമായ കുറവ് നേരിട്ടുകൊണ്ടിരിന്ന ബ്രസീലില്‍ പൗരോഹിത്യത്തിനു സുവര്‍ണ്ണകാലം. ബ്രസീലിലെ വൈദികരുടെ എണ്ണത്തില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിരിക്കുന്നത്. 2014-ല്‍ വെറും 24,600 പുരോഹിതര്‍ മാത്രം ഉണ്ടായിരുന്ന വൈദികരുടെ എണ്ണം 27,300 ആയി ഉയര്‍ന്നിരിക്കുകയാണ്. മതിയായ പുരോഹിതരില്ല എന്ന കാരണത്താല്‍ കത്തോലിക്കാ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുള്ള രാജ്യമാണ് ബ്രസീല്‍. ബ്രസീലിലെ സിങ്ങു രൂപതയില്‍ 7 ലക്ഷത്തോളം വിശ്വാസികള്‍ക്ക് വെറും 27 പുരോഹിതര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചില സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ കുര്‍ബാനകള്‍ മാത്രമാണ് അര്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നത്.

ബ്രസീലിലെ മെത്രാന്‍ സമിതിയുടെ എജന്‍സിയായ ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ്‌ റിലീജിയസ് സ്റ്റാറ്റിസ്റ്റിക്സ്‌’ന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘ഫൊള്‍ഹാ ഡി സാവോ പോളോ’ പുറത്തുവിട്ട വാര്‍ത്തയനുസരിച്ച് ബ്രസീലില്‍ പൗരോഹിത്യത്തിന് വസന്തകാലമാണ്. 2014-ല്‍ ബ്രസീലില്‍ 8,130 വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ എന്നതായിരുന്നു കണക്കെങ്കില്‍, ഇപ്പോള്‍ 7,802 വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ എന്നതാണ് കണക്ക്. ഇന്നുണ്ടായിരുന്നതിന്റെ പകുതിയിലധികം വൈദികര്‍ മാത്രമാണ് പതിമൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രസീലില്‍ ഉണ്ടായിരുന്നത്. വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ബ്രസീലില്‍ പുരോഹിതരുടെ എണ്ണത്തില്‍ കുറവുണ്ട്.

ഫിലിപ്പീന്‍സില്‍ മാത്രമാണ് ബ്രസീലിനു സമാനമായ തോതില്‍ പുരോഹിതരുടെ അഭാവം രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തു 9,000 വിശ്വാസികള്‍ക്ക് 1 പുരോഹിതന്‍ എന്ന അനുപാതമാണ് നിലനില്‍ക്കുന്നത്. പുരോഹിതരുടെ അഭാവം നേരിടുന്നതിനു വിവാഹിതരെ വൈദികരാക്കുക എന്ന നിര്‍ദ്ദേശം ഉയരുന്ന അവസരത്തില്‍ കണക്കുകള്‍ ബ്രസീലിലെ മെത്രാന്‍മാര്‍ക്ക് ആശ്വാസം പകരുന്നതായാണ് സൂചന. ബ്രസീലിലെ പുരോഹിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സര്‍വ്വകലാശാല പഠനം, വിവാഹം എന്നിവ വേണ്ടെന്ന്‍ വെക്കുവാന്‍ ചെറുപ്പക്കാര്‍ തയ്യാറാവുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തക അന്നാ വെര്‍ജീനിയ ബല്ലൌസിയര്‍ ചൂണ്ടിക്കാട്ടി.

More Archives >>

Page 1 of 323