Life In Christ - 2025

എം‌ഐ‌ടിയിലെ എഞ്ചിനീയര്‍ ഇനി ക്രിസ്തുവിന് വേണ്ടി ദൈവരാജ്യം പണിയും

സ്വന്തം ലേഖകന്‍ 29-05-2018 - Tuesday

മിന്നിപോളിസ്: ലോക പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (MIT) നിന്നും എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദമെടുത്ത മുപ്പത്തിയൊന്നുകാരനായ മാത്യു ഷൈര്‍മാന്‍ ഇനി ക്രിസ്തുവിന് വേണ്ടി ദൈവരാജ്യം പണിയും. എഞ്ചിനീയറിംഗ് മേഖലയില്‍ കഴിവ് തെളിയിക്കാമായിരിന്ന മാത്യു ഷൈര്‍മാന്‍ ക്രിസ്തുവിന് വേണ്ടി തന്നെ തന്നെ സമര്‍പ്പിച്ചുകൊണ്ട് പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുകയായിരിന്നു. ഇക്കഴിഞ്ഞ മെയ് 26-ന് രാവിലെ 10 മണിക്ക് സെന്റ്‌ പോള്‍സ് കത്തീഡ്രലില്‍ വച്ചാണ് അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചത്. മിന്നെടോങ്കായിലാണ് ഫാ. ഷൈര്‍മാന്‍ വളര്‍ന്നത്. സെന്റ്‌ തെരേസ് ഇന്‍ ഡീഫാവന്‍ ഇടവകാംഗമായ അദ്ദേഹം മിന്നെടോങ്കായിലെ പബ്ലിക് സ്കൂളില്‍ വിദ്യാഭ്യാസം നടത്തി.

പഠിക്കുന്ന സമയത്ത് തന്നെ ദേവാലയ ഗായക സംഘത്തിലെ സജീവ അംഗമായിരുന്നു ഷൈര്‍മാന്‍. വിസ്കോന്‍സിനിലെ മില്‍വോക്കീയിലെ മാര്‍ക്വുറ്റെ സര്‍വ്വകാലാശാലയില്‍ പഠിക്കുമ്പോഴാണ് തന്റെ ദൈവനിയോഗത്തിലേക്കുള്ള ആദ്യ വിളി ഷൈര്‍മാന് ലഭിക്കുന്നത്. സുഹൃത്തുക്കള്‍ ദൈവവിളി സ്വീകരിക്കുവാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത് ഷൈര്‍മാനു പുതിയ ഒരു അനുഭവമായിരിന്നു. മാര്‍ക്വുറ്റെയിലെ കാമ്പസ് മിനിസ്ട്രിയില്‍ സജീവമായിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാനയേയും, കൂദാശകര്‍മ്മങ്ങളെ ക്കുറിച്ചും കൂടുതല്‍ മനസിലാക്കുവാന്‍ ഷൈര്‍മാന് കഴിഞ്ഞു. സിവില്‍ എഞ്ചിനീറിംഗില്‍ ബിരുദം നേടിയ ശേഷം 2009-ല്‍ അദ്ദേഹം ലോക പ്രശസ്ത സ്ഥാപനമായ എം‌ഐ‌ടിയില്‍ ചേര്‍ന്നു.

ട്രാന്‍സ്പോര്‍ട്ടേഷന്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദമെടുത്തതിനു ശേഷം ക്ലീവ്‌ലന്‍ഡ് ഓഹിയോയില്‍ ജോലി ചെയ്യുന്നതിനിടെയാണ് യേശുവിന്റെ പ്രത്യേകമായ വിളി ഷൈര്‍മാനേ തേടിയെത്തിയത്. തന്റെ വിദ്യാഭ്യാസവും കഴിവും എല്ലാം ദൈവത്തിന്റെ ദാനമാണെന്ന്‍ പറഞ്ഞുകൊണ്ടു അവന്‍ യേശുവിനായി സ്വജീവന്‍ സമര്‍പ്പിക്കുകയായിരിന്നു. 2011-ല്‍ ആണ് ഷൈര്‍മാന്‍ സെന്റ്‌ പോളിലെ സെന്റ്‌ പോള്‍ സെമിനാരി സ്കൂള്‍ ഓഫ് ഡിവിനിറ്റിയില്‍ ചേരുന്നത്. സെമിനാരി പഠനത്തിനിടക്ക് തെക്കന്‍ കൊറിയയിലെ കത്തോലിക്ക യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷത്തോളം ശുശ്രൂഷ ചെയ്തു.

2016-ല്‍ ഷൈര്‍മാന്‍ ട്രാന്‍സിഷണല്‍ ഡീക്കനായി. അതിനുശേഷം ഒരു വര്‍ഷത്തോളം അദ്ദേഹം അനോകയിലെ സെന്റ്‌ സ്റ്റീഫന്‍സ് ഇടവകയില്‍ സേവനം ചെയ്യാന്‍ നിയമിതനായെങ്കിലും അദ്ദേഹത്തിന്റെ അജപാലക ദൗത്യങ്ങള്‍ ഇടവക അതിര്‍ത്തികള്‍ക്കും അപ്പുറമായിരുന്നു. ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും, ദാമ്പത്യ തകര്‍ച്ച നേരിടുന്നവര്‍ക്കും, പ്രായമായവര്‍ക്കും അദ്ദേഹം കരുണയുടെ താങ്ങായി മാറി. മസാച്ചുസെറ്റ്സിലെ എന്‍ജിനീയര്‍ ആലംബഹീനര്‍ക്ക് ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്ന് നല്കിയപ്പോള്‍ അത് അനേകരുടെ കണ്ണീര്‍ തുടക്കുന്നതിന് കാരണമായി.

താന്‍ ഇപ്പോഴും എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ സെമിനാരി വിദ്യാര്‍ത്ഥികളും തന്നെപ്പോലെതന്നെയാണെന്നും, എല്ലാ കത്തോലിക്കരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ ദൈവവിളിയെക്കുറിച്ച് ചിന്തിക്കണമെന്നും ഷൈര്‍മാന്‍ പറയുന്നു. മിന്നിപോളിസ് രൂപതയിലെ വൈദികനായി ദൈവരാജ്യത്തിന് വേണ്ടിയുള്ള എന്‍ജിനീയറിംഗ് ജോലികളിലാണ് ഇന്ന്‍ മാത്യു ഷൈര്‍മാന്‍.

More Archives >>

Page 1 of 3