News - 2025

ദയാവധം; പോര്‍ച്ചുഗലില്‍ ഇന്ന് വോട്ടെടുപ്പ്

സ്വന്തം ലേഖകന്‍ 29-05-2018 - Tuesday

ലിസ്ബണ്‍: ധാര്‍മ്മിക മൂല്യങ്ങളെ കൈവിട്ട് ദയാവധം അനുവദിക്കുവാന്‍ പോര്‍ച്ചുഗല്‍ ഭരണകൂടം ഒരുങ്ങുന്നു. ഭ്രൂണഹത്യയും, സ്വവര്‍ഗ്ഗ വിവാഹവും നിയമപരമാക്കിയതിന്റെ പിന്നാലെയാണ് മറ്റൊരു തിന്മയെ കൂടി പുല്‍കുവാന്‍ പോര്‍ച്ചുഗല്‍ തയാറെടുക്കുന്നത്. 230 അംഗങ്ങളുള്ള പോര്‍ച്ചുഗീസ് പാര്‍ലമെന്റ് ഇന്ന് ബില്‍ ചര്‍ച്ചക്കെടുക്കുകയും വോട്ടിംഗിനിടുകയും ചെയ്യും. നിലവില്‍ ദയാവധം പോര്‍ച്ചുഗലില്‍ മൂന്നു വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇടതു സോഷ്യലിസ്റ്റ് പാര്‍ട്ടി, റാഡിക്കല്‍ ലെഫ്റ്റ് ബ്ലോക്ക്‌, ദി ഗ്രീന്‍ പാര്‍ട്ടി, പ്യൂപ്പിള്‍, അനിമല്‍സ്- നേച്ചര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ആത്മഹത്യയും, ദയാവധവും നിയമപരമാക്കാന്‍ പാര്‍ലമെന്റിനെ സമീപിച്ചിരിക്കുന്നത്.

ഇടതുപക്ഷ ചായവുള്ള പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ആധുനികവത്കരണത്തിന്റെ പേരില്‍ രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. 2007-ല്‍ ഭ്രൂണഹത്യ നിയമപരമാക്കിയതും, മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വവര്‍ഗ്ഗവിവാഹം അനുവദിച്ചതും ഇത്തരം നടപടികളില്‍ ചിലതു മാത്രമാണ്. 2016-ലാണ് ദയാവധം ഒരു രാഷ്ട്രീയ അജണ്ടയാക്കി പോര്‍ച്ചുഗലിലെ വിവിധ പാര്‍ട്ടികള്‍ മാറ്റിയത്. ദയാവധത്തെ അംഗീകരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ എണ്ണായിരത്തോളം ആളുകളാണ് ഒപ്പു വച്ചത്. ഇതിന് പിന്നാലെ മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സമൂഹത്തിനും രാഷ്ട്രത്തിനുമുണ്ടെന്ന് പറഞ്ഞുകൊണ്ട് ‘പോര്‍ച്ചുഗീസ് ഫെഡറേഷന്‍ ഫോര്‍ ലൈഫ്’ 14,000-ത്തിലധികം പേര്‍ ഒപ്പിട്ട അപേക്ഷ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിന്നു.

ദയാവധം ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഭേദമാകാത്ത മുറിവോ, ചികിത്സിച്ചു ഭേദമാക്കാനാവാത്ത മാരകരോഗമോ കാരണം യാതന അനുഭവിക്കുന്നവര്‍ക്ക് ആ രോഗത്തില്‍ വിദഗ്ദനായ ഡോക്ടറും, ഒരു മാനസികരോഗവിദഗ്ദന്റേയും ഒപ്പോടു കൂടിയ അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ ദയാവധം അനുവദിക്കുക എന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്റെ കാതല്‍. നീക്കത്തിനെതിരെ പോര്‍ച്ചുഗീസ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി കഴിഞ്ഞു.

പാര്‍ലമെന്റില്‍ നിര്‍ദ്ദേശം ചര്‍ച്ചക്ക് എടുക്കുന്നതിനു മുന്‍പായി ഇതിനെതിരെ 15 ലക്ഷത്തോളം ലഘുലേഖകള്‍ വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്ന പാര്‍ട്ടികളില്‍ തന്നെ ചിലര്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെ അനുകൂലിക്കുന്നതിനാല്‍ പാസ്സാകുവാനുള്ള സാധ്യതളേറെയാണ്. ഇത് പാസ്സാവുകയാണെങ്കില്‍ ദയാവധം അനുവദിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ പോര്‍ച്ചുഗലും ഉള്‍പ്പെടും. നമ്മുക്ക് പ്രാര്‍ത്ഥിക്കാം പോര്‍ച്ചുഗലിനായി.

More Archives >>

Page 1 of 323