News

ഭ്രൂണഹത്യ അനുകൂലിച്ച വിശ്വാസികൾ അനുതപിച്ച് കുമ്പസാരിക്കണം: ഐറിഷ് ബിഷപ്പ്

സ്വന്തം ലേഖകന്‍ 29-05-2018 - Tuesday

ഡബ്ലിൻ: അയർലണ്ട് ഭരണഘടന ഭേദഗതിയിൽ ഭ്രൂണഹത്യ നിയമപരമാക്കാൻ വോട്ടെടുപ്പിൽ അനുകൂലിച്ച കത്തോലിക്ക വിശ്വാസികളെല്ലാം അനുതപിച്ചു കുമ്പസാരിക്കണമെന്ന് എൽഫിൻ രൂപതാദ്ധ്യക്ഷന്‍ കെവിൻ ഡൊറാന്‍റെ ആഹ്വാനം. ഇരുപത്തിയൊന്ന് ലക്ഷം ജനങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ അറുപത്തിയാറ് ശതമാനം ആളുകളും ഭ്രൂണഹത്യ രാജ്യത്തു നിയമപരമാക്കുവാന്‍ വോട്ട് രേഖപ്പെടുത്തുകയായിരിന്നു. ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഐറിഷ് ബിഷപ്പ് ആഹ്വാനം നടത്തിയിരിക്കുന്നത്. ഐറിഷ് സമൂഹത്തിന്റെ മൂല്യച്യുതിയാണ് വോട്ടെടുപ്പിൽ പ്രകടമായതെന്നും ബിഷപ്പ് പറഞ്ഞു.

നാം ചെയ്യുന്ന ഓരോ തിന്മയും വഴി ദൈവത്തിൽ നിന്നും നാം അകന്നു പോകുകയാണ്. ദൈവവും സഭയുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്ന ഓരോ ക്രൈസ്തവനും വോട്ടെടുപ്പിലെ തീരുമാനം പുനഃപരിശോധിക്കണം. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യരുടെ പാപങ്ങൾക്കായി സ്വന്തം ജീവന്‍ ബലി നല്‍കിയ സ്നേഹമാണ് യേശുവിന്റെത്. ആ സ്നേഹത്തിന് മുന്നിൽ അനുതാപപൂര്‍വ്വം അണയണം. ഐറിഷ് സമൂഹത്തിന്റെ മൂല്യച്യുതിയാണ് വോട്ടെടുപ്പിൽ പ്രകടമായത്. അയര്‍ലണ്ട് കത്തോലിക്കരുടെ രാഷ്ട്രമെങ്കിലും വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കുവാനും ജീവിക്കാനും അവകാശങ്ങൾ നിഷേധിച്ച രാഷ്ട്രം ഭ്രൂണഹത്യയുടെ കേന്ദ്രമാകുമെന്ന ആശങ്ക ഐറിഷ് സഭയുടെ തലവനും ആര്‍ച്ച് ബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍ പ്രകടിപ്പിച്ചു. കത്തോലിക്ക സഭ വ്യത്യസ്തമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐറിഷ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡയർമുയിഡ് മാർട്ടിൻ പറഞ്ഞു.

ഇതിനിടെ ക്രൈസ്തവ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ കൂടുതൽ ഫലപ്രദമായ രീതിയിൽ അവലംബിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ഞായറാഴ്ച തോറും നടത്തുന്ന വിശ്വാസ പരിശീലനത്തിന് പുറമേ യുവജനങ്ങൾക്ക് വിശ്വാസത്തിൽ രൂപപ്പെടാനും ആഴപ്പെടാനും അവസരം ഒരുക്കാൻ പരിശ്രമിക്കുന്നതായും ബിഷപ്പ് കെവിൻ ഡൊറാൻ പറഞ്ഞു.

More Archives >>

Page 1 of 323