News - 2025

ഡിജിറ്റല്‍ ബൈബിള്‍ വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 29-05-2018 - Tuesday

വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡിജിറ്റല്‍ ബൈബിള്‍ വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. 2017-ലെ ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത മൊത്തം ബൈബിളുകളില്‍ അഞ്ചിലൊന്ന്‍ വീതം ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതാണ്. 3.4 കോടി ബൈബിളുകള്‍ വിതരണം ചെയ്തതില്‍ 79 ലക്ഷത്തോളം ബൈബിളുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തതെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ബൈബിള്‍ ഡൌണ്‍ലോഡുകളുടെ എണ്ണം 79 ലക്ഷത്തില്‍ നിന്നും ഒരുപാട് കൂടുതലാണെന്നാണ്‌ യു‌ബി‌എസ് പറയുന്നത്.

ലോകത്താകമാനമായി ഏതാണ്ട് 90-ഓളം ബൈബിള്‍ സൊസൈറ്റികളാണ് വിശുദ്ധ ലിഖിതങ്ങളുടെ ഓണ്‍ലൈന്‍ തര്‍ജ്ജമകള്‍ തയ്യാറാക്കുന്നത്. ഇതില്‍ മൂന്നിലൊന്നു വീതം സൊസൈറ്റികള്‍ക്ക് ഡിജിറ്റല്‍ ബൈബിള്‍ ലഭ്യമാക്കുന്നതിനു പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണ്. 54 ലക്ഷത്തോളം ഡൌണ്‍ലോഡുകളുമായി ഏറ്റവും കൂടുതല്‍ ബൈബിളുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കന്‍ മേഖലയിലാണ്. യൂറോപ്യന്‍-മധ്യപൂര്‍വ്വേഷ്യ മേഖലയില്‍ 44 ശതമാനമാണ് ബൈബിള്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.

ഭാഷയുടെ അടിസ്ഥാനത്തില്‍ സ്പാനിഷ് ഭാഷയിലാണ് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡുകള്‍ നടന്നിട്ടുള്ളത്. 31 ലക്ഷം ബൈബിളുകളാണ് സ്പാനിഷ് ഭാഷയില്‍ ഡൌണ്‍ലോഡു ചെയ്യപ്പെട്ടിരിക്കുന്നത്. 20 ലക്ഷം ഡൌണ്‍ലോഡുമായി പോര്‍ച്ചുഗീസ് രണ്ടാമതും, 12 ലക്ഷം ഡൌണ്‍ലോഡുമായി ഇംഗ്ലീഷ് മൂന്നാം സ്ഥാനത്തുമുണ്ട്.

2015 മുതല്‍ യു‌ബി‌എസിന്റെ കുടക്കീഴില്‍ വരുന്ന അനുബന്ധ സംഘടനകള്‍ ഏതാണ്ട് പത്തു കോടിയിലധികം സമ്പൂര്‍ണ്ണ ബൈബിളുകളാണ് വിതരണംചെയ്തിരിക്കുന്നത്. സമ്പൂര്‍ണ്ണ ബൈബിള്‍, പുതിയ നിയമം, പഴയ നിയമം, സുവിശേഷങ്ങള്‍, വിശുദ്ധ ലിഖിതങ്ങള്‍ തുടങ്ങിയവയായി മുപ്പത്തിഅഞ്ചു കോടിയോളം ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യപ്പെടുകയോ, ഡൌണ്‍ലോഡ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 3.4 കോടിയോളം സമ്പൂര്‍ണ്ണ ബൈബിളുകളും ഉള്‍പ്പെടുന്നുണ്ട്.

More Archives >>

Page 1 of 324