Arts - 2025
ബൈബിള്‍ മ്യൂസിയം സന്ദര്‍ശിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു
സ്വന്തം ലേഖകന്‍ 31-05-2018 - Thursday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ബൈബിള്‍ മ്യൂസിയം തുറന്നിട്ട് 6 മാസം പിന്നിട്ടപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. ഏറെ പ്രത്യേകതകളോടെ കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത സ്വകാര്യ മ്യൂസിയം വിവിധ മതസ്ഥരെ ഒരുപോലെ ആകര്‍ഷിക്കുകയാണ്. പഴയ നിയമത്തിലൂടെ യാത്ര, മോഷന്‍ റൈഡ് തുടങ്ങിയ സവിശേഷതകളോടെ വാഷിംഗ്ടണ്‍ നാഷണല്‍ മാളിനു സമീപമാണ് മ്യൂസിയം കഴിഞ്ഞ വര്‍ഷം തുറന്നത്. ആറുനിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന മ്യൂസിയം നിരവധി ക്രിസ്ത്യന്‍ തീര്‍ത്ഥാടന, വിനോദ സഞ്ചാര സംഘങ്ങളെയാണ് ആകര്‍ഷിക്കുന്നത്.
ഇതിനോടകം തന്നെ ഈ വര്‍ഷം വാഷിംഗ്‌ടണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച മ്യൂസിയങ്ങള്‍ക്കിടയില്‍ ബൈബിള്‍ മ്യൂസിയവും സ്ഥാനം പിടിച്ചുകഴിഞ്ഞു. നാഷ്ണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഇന്ത്യന്‍ 3,42,000, ഹിര്‍ഷോണ്‍ മ്യൂസിയം 2,55,000, റെന്‍വിക്ക് ഗാലറി 2,20,000, നാഷണല്‍ സൂ’ 3,90,000 എന്നിങ്ങനെയാണ് മറ്റ് മ്യൂസിയങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം. എന്നാല്‍ ഇതിന്റെ ഇരട്ടിയാണ് ബൈബിള്‍ മ്യൂസിയത്തിലേക്ക് കടന്നുവന്ന ആളുകളുടെ എണ്ണം. കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍ 5,65,000-ത്തോളം ആളുകളാണ് മ്യൂസിയം സന്ദര്‍ശിച്ചിട്ടുള്ളത്.
ഹീബ്രൂ ലിപികളിലെ നിർദേശങ്ങളും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണശാലകളും മ്യൂസിയത്തെ മികവുറ്റതാക്കുന്നുണ്ട്. ബൈബിൾ അധിഷ്ഠിതമായ കഥകളിലൂടെയും കളികളിലൂടെയും കുട്ടികളിൽ ക്രിസ്തീയ മൂല്യങ്ങൾ വളർത്താൻ മ്യൂസിയത്തിലെ ഒരു നില മാറ്റിവച്ചിട്ടുണ്ട്. തെക്ക് ഭാഗത്തുള്ള രണ്ട് ബ്ലോക്കുകള്‍ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിലും, ആഗോളതലത്തിലും ബൈബിളിനുള്ള സ്വാധീനത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.
ഇവാഞ്ചലിക്കല്‍ ക്രൈസ്തവരും ഒക്ലഹോമ സിറ്റി ആസ്ഥാനമായുള്ള ഹോബി ലോബി ക്രാഫ്റ്റ്സ് ചെയിനിന്റെ ഉടമസ്ഥരുമായ ഗ്രീന്‍ ഫാമിലിയാണ് മ്യൂസിയത്തിന് പ്രധാനമായും ധനസഹായം നല്‍കിയത്. അമേരിക്കയിലെ മറ്റ് സ്വകാര്യം മ്യൂസിയങ്ങള്‍ പ്രവേശന ഫീസ് ഈടാക്കുമ്പോള്‍, ബൈബിള്‍ മ്യൂസിയത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. മ്യൂസിയത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കാനും അവസരമുണ്ട്.