News - 2025

“ദൈവം നിങ്ങള്‍ക്ക് വേണ്ടി പോരാടും”: ക്രൈസ്തവരോട് നൈജീരിയന്‍ വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 30-05-2018 - Wednesday

അബൂജ: ദൈവം നിങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നു ക്രൈസ്തവരോട് നൈജീരിയന്‍ വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബാജോ. ഇക്കഴിഞ്ഞ ഞായറാഴ്ച നാഷണല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശത്രുക്കളുടെ സൈന്യം നമ്മെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമെങ്കിലും ദൈവം നമ്മുക്ക് വേണ്ടി പോരാടുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. ‘റെഡീം ക്രിസ്റ്റ്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്’ പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ വചന പ്രഘോഷകന്‍ കൂടിയായ അദ്ദേഹം തന്റെ പ്രഭാഷണത്തിനിടക്ക് ബൈബിള്‍ വാക്യങ്ങളും ഉപയോഗിച്ചു.

പിന്തിരിഞ്ഞു നോക്കാതെ നമുക്ക് മുന്നോട്ടു തന്നെ പോകാം. ശത്രുക്കളുടെ സൈന്യം നമ്മെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. ഇന്നു നിങ്ങള്‍ കാണുന്ന ദാരിദ്ര്യവും അനീതിയും ഇനിയൊരിക്കലും കാണേണ്ടി വരില്ല, ദൈവം നിങ്ങള്‍ക്ക് വേണ്ടി പോരാടും, നിങ്ങള്‍ സമാധാനമുള്ളവരായിരിക്കുവിന്‍. “ദൈവത്തിന്റെ സകലവാഗ്ദാനങ്ങളും ക്രിസ്തുവില്‍ “അതേ” എന്നുതന്നെ. അതുകൊണ്ട് തന്നെയാണ് ദൈവമഹത്വത്തിന് അവന്‍ വഴി ഞങ്ങള്‍ ‘ആമേന്‍’ എന്ന് പറയുന്നത്” (2 കോറിന്തോസ് 1:20) എന്ന വചനം പോലെ ദൈവം തന്‍റെ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം മതമൗലീകവാദികളായ ഫുലാനി ഗോത്രക്കാരില്‍ നിന്നും നൈജീരിയയിലെ ക്രിസ്ത്യാനികള്‍ കടുത്ത ആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തീവ്ര നിലപാടുള്ള ഇസ്ളാം മതസ്ഥരുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം സമീപകാലങ്ങളില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നൈജീരിയന്‍ വൈസ് പ്രസിഡന്റ് ഒസിന്‍ ബാജോ ക്രൈസ്തവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തിയത്. നമുക്ക് മുന്നില്‍ ചുവന്ന കടലാണുള്ളതെന്നും ഭാവികാലം ഭൂതകാലത്തെക്കാള്‍ ഭയാനകരമായിരിക്കും എന്നാണ് പ്രവാചകര്‍ ഓര്‍മ്മിപ്പിക്കുന്നതെന്നും ഒസിന്‍ബാജോ പറഞ്ഞു.

സ്ത്രീകളും കുട്ടികളും ശാന്തിയോടും സമാധാനത്തോടും കൂടി അധിവസിക്കുന്ന, യുവാക്കള്‍ക്ക് ഒരുപാട് അവസരങ്ങളുള്ള, പുതിയൊരു നൈജീരിയ പടുത്തുയര്‍ത്തുകയാണ് ദൈവത്തിന്റെ ആഗ്രഹമെന്നും ഒസിന്‍ബാജോ കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ തങ്ങളെകൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പ് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയും, വൈസ് പ്രസിഡന്റ് ഒസിന്‍ബാജോയും നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന ആരോപണം ആഗോള തലത്തില്‍ തന്നെ ശക്തമാണ്.

More Archives >>

Page 1 of 324