News - 2025

കര്‍ദ്ദിനാള്‍ ഒബാന്‍ഡോ ബ്രാവോ ദിവംഗതനായി

സ്വന്തം ലേഖകന്‍ 05-06-2018 - Tuesday

മനാഗ്വ: മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ പരിഹരിക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച കര്‍ദ്ദിനാള്‍ മിഗേല്‍ ഒബാന്‍ഡോ വൈ ബ്രാവോ അന്തരിച്ചു. 92 വയസ്സായിരിന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു വിശ്രമത്തിലായിരിന്ന അദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ജീവിതം ദൈവത്തിനും ദൈവ ജനത്തിനും സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ മിഗേല്‍ ബ്രാവോയുടെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നതായും, സഭാസേവനത്തില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പാതയില്‍ ജീവിച്ച ദാസന് ദൈവം നിത്യശാന്തി നല്‍കട്ടെയെന്നും പാപ്പാ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

1926-ല്‍ ജ്വികാല്‍പാ രൂപതയ്ക്കു കീഴിലുള്ള ലാ ലിബെര്‍ത്താദിലായിരുന്നു കര്‍ദ്ദിനാള്‍ മിഗേലിന്റെ ജനനം. ഗ്രനാഡയിലെ സലേഷ്യന്‍ കോളേജില്‍‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം1958-ല്‍ തിരുപട്ടം സ്വീകരിച്ചു വൈദികനായി അഭിഷിക്തനായി. വര്‍ഷങ്ങള്‍ക്ക് ശേഷം വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ മത്താഗാല്‍പയുടെ സഹായമെത്രാനായി നിയോഗിച്ചു. 1970-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ മനാഗ്വായുടെ മെത്രാപ്പോലീത്തയായും 1985-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി. 1971-1997, 1999-2005 കാലയളവില്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായും 1976-1980-വരെയും അമേരിക്ക-പനാമ മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടേറിയേറ്റിന്‍റെ പ്രസിഡന്‍റായും 1981- 1985 ലാറ്റിനമേരിക്കന്‍ മെത്രാന്‍സംഘത്തില്‍ സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കുള്ള സഖ്യത്തിന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

1970കളില്‍ അനസ്താസിയോ സൊമോസയുടെ ഏകാധിപത്യ വാഴ്ചയ്‌ക്കെതിരേ ഇടതുപക്ഷ സാന്‍ഡീനിസ്റ്റാകള്‍ നയിച്ച പോരാട്ടത്തെ അന്ന് മനാഗ്വ ആര്‍ച്ച് ബിഷപ്പായിരുന്ന ഇദ്ദേഹം പിന്തുണച്ചിരിന്നു. 1989ല്‍ ഒര്‍ട്ടേഗയും എതിരാളികളും തമ്മിലുള്ള സമാധാനസന്ധിക്കും മധ്യസ്ഥത വഹിച്ചതു കര്‍ദ്ദിനാള്‍ ഒബാന്‍ഡോയാണ്. 2005-ല്‍ വിരമിക്കുവരെ മനാഗ്വ അതിരൂപതയുടെ അധ്യക്ഷനായിരിന്നു. കര്‍ദ്ദിനാള്‍ മിഗേലിന്‍റെ മരണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറഞ്ഞു. ഇതില്‍ 115 പേര്‍ 80 വയസ്സില്‍ താഴെ മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും 97 പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.

More Archives >>

Page 1 of 326