News - 2025
ഉത്തര കൊറിയന്‍ സഭക്ക് വേണ്ടി ദക്ഷിണ കൊറിയയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടരുന്നു
സ്വന്തം ലേഖകന്‍ 29-06-2018 - Friday
സിയോള്‍: ഉത്തര കൊറിയന്‍ സഭയില്‍ വിശ്വാസ തീക്ഷ്ണതയും വളര്‍ച്ചയും ഉണ്ടാകാന്‍ ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഉത്തര കൊറിയയിലെ സഭക്ക് വേണ്ടി ദക്ഷിണ കൊറിയയില്‍ 1170-മത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണമാണ് കഴിഞ്ഞ ദിവസം നടന്നത്. കൊറിയന്‍ സഭക്ക് വേണ്ടിയും, കൊറിയന്‍ മേഖലയിലെ സമാധാനത്തിനും അനുരഞ്ജനത്തിനുമായി ‘ദി റികണ്‍സിലിയേഷന്‍ ഓഫ് ദി കൊറിയന്‍ പീപ്പിള്‍' കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 23 വര്‍ഷമായി എല്ലാ ചൊവ്വാഴ്ചകളിലും മുടങ്ങാതെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവരുന്നുണ്ട്. പരമ്പരയിലെ 1170-മത്തെ വിശുദ്ധ കുര്‍ബാനയാണ് ജൂണ്‍ 26 ചൊവ്വാഴ്ച സിയോളിലെ മേരി ഇമ്മാക്കുലേറ്റ് കത്തീഡ്രലില്‍ അര്‍പ്പിച്ചത്.
പ്യോങ്ങ്യാങ്ങിലെ ദായെഷിന്രി, ഗ്വാന്‍ഹുരി എന്നീ ഇടവകകളെ പ്രത്യേകമായി സമര്‍പ്പിച്ചുകൊണ്ട് സംഘടനയുടെ പൊളിറ്റിക്കല്‍ ഡയറക്ടറായ ഫാ. കിം ഹുണ്‍-ഇല്ലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പരിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. ദിവ്യബലിയുടെ സമാപനത്തില്‍ 'ഔര്‍ ഡിസൈര്‍ ഈസ് യൂണിഫിക്കേഷന്‍' എന്ന ഗാനവും, വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയോടുള്ള സമാധാന പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. “ഉത്തരകൊറിയയിലെ കത്തോലിക്കാ സഭ എന്റെ ഹൃദയത്തില്‍” എന്ന പേരില്‍ പുതിയ പ്രചാരണ പരിപാടിക്കും കഴിഞ്ഞ ദിവസം ആരംഭം കുറിച്ചു.
പ്രഭാതത്തിലും സായാഹ്നത്തിലുമുള്ള പ്രാര്‍ത്ഥനയും അനുരഞ്ജന ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയര്‍പ്പണവും കാരുണ്യപ്രവര്‍ത്തനങ്ങളും കൊറിയന്‍ സമാധാനത്തിന് വേണ്ടിയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമാണ്. 1995-ല്‍ ദക്ഷിണ കൊറിയയിലെ ‘കമ്മിറ്റി ഫോര്‍ ദി റികണ്‍സിലിയേഷന്‍ ഓഫ് ദി കൊറിയന്‍ പീപ്പിളും, പ്യോങ്ങ്യാങ്ങിലെ സര്‍ക്കാര്‍ അംഗീകൃത കത്തോലിക്കാ കൂട്ടായ്മയായ ചോസുണ്‍ കത്തോലിക്കാ അസ്സോസിയേഷനും സംയുക്തമായാണ് ആഴ്ചതോറും കുര്‍ബാന അര്‍പ്പിക്കുവാനുള്ള തീരുമാനമെടുത്തത്.
അന്നുമുതല്‍ ഉത്തര കൊറിയയിലേയും, ദക്ഷിണ കൊറിയയിലേയും വിശ്വാസികള്‍ ഒരേസമയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. ഓരോ ചൊവ്വാഴ്ചയും രണ്ട് വീതം ഇടവകളെയാണ് ദിവ്യബലിയില്‍ സമര്‍പ്പിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള രാജ്യമാണ് ഉത്തര കൊറിയ. സ്വാതന്ത്ര്യത്തിനു മുന്‍പ് 1943-ല്‍ 19 ഇടവകകളും, 106 മിഷന്‍ കേന്ദ്രങ്ങളും 22 വിദ്യാഭ്യാസ സ്ഥാപനങ്ങളും 17 സാമൂഹ്യ ക്ഷേമ കേന്ദ്രങ്ങളും പ്യോങ്ങ്യാങ്ങിലെ അപ്പസ്തോലിക വികാരിയേറ്റില്‍ ഉണ്ടായിരുന്നു. മാമ്മോദീസ സ്വീകരിച്ച ഏതാണ്ട് 28,400-ഓളം വിശ്വാസികളാണ് അന്ന് ഉണ്ടായിരുന്നത്. നിലവില്‍ സിയോള്‍ അതിരൂപതയുടെ കണക്ക് പ്രകാരം ഉത്തര കൊറിയയില്‍ 57 ഇടവകകളിലായി ഏതാണ്ട് 52,000-ത്തോളം കത്തോലിക്കാ വിശ്വാസികളാണുള്ളത്.