News - 2025
വിജയത്തില്‍ ദെെവത്തിന് മഹത്വം നൽകി സൂപ്പർ താരങ്ങളായ മെസ്സിയും ഫാൽക്കാവോയും
സ്വന്തം ലേഖകന്‍ 30-06-2018 - Saturday
മോസ്ക്കോ: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ അടുത്ത ഘട്ടത്തിലേയ്ക്ക് തങ്ങളുടെ ടീമുകൾ മുന്നേറുമ്പോൾ, ദെെവത്തിന് മഹത്വം നൽകി സൂപ്പർ താരങ്ങളായ മെസ്സിയും, ഫാൽക്കാവോയും. ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ പുറത്താകൽ ഭീഷണി നേരിട്ട അർജന്റീന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെെജീരിയയെ തോൽപ്പിച്ച് പ്രീ ക്വാർട്ടർ തലത്തിലേയ്ക്ക് മുന്നേറിയപ്പോൾ സൂപ്പർ താരം ലയണൽ മെസ്സി ടീമിന്റെ വിജയത്തിന് മഹത്വം നൽകിയത് ദെെവത്തിനാണ്. "ദെെവം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ടൂർണമെന്റിൽ നിന്നും പുറത്തു പോകാൻ ദെെവം അനുവദിക്കില്ല എന്ന വിശ്വാസം ടീം അംഗങ്ങൾക്ക് ഉണ്ടായിരുന്നു" എന്നാണ് മത്സര ശേഷം മെസി മാധ്യമങ്ങളോട് പറഞ്ഞത്.
കൊളംബിയയുടെ ഏറ്റവും പ്രമുഖ താരമായ റാഡമൽ ഫാൽക്കാവോ ടീമിന്റെ വിജയത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ "വിശ്വാസിച്ചാൽ നീ ദെെവ മഹത്വം ദർശിക്കും" എന്ന ബെെബിൾ വചന ഭാഗം പങ്കുവച്ചാണ് ദെെവത്തിന് കൃതജ്ഞത അര്‍പ്പിച്ചത്. യേശുവിലുളള വിശ്വാസം ലോകത്തിനു മുൻപിൽ ഏറ്റു പറയാൻ മടി കാണിക്കാത്ത താരമാണ് ഫാൽക്കാവോ. എല്ലാം നേടാൻ നമ്മുക്ക് സാധിക്കുമെന്നും എന്നാൽ ആത്മീയ സംതൃപ്‌തി നേടാൻ സാധിച്ചില്ലായെങ്കിൽ നാം ഒന്നുമില്ലാത്തവരെ പോലെയായിരിക്കുമെന്നും ഫാൽക്കാവോ ഏതാനും നാളുകൾക്ക് മുൻപ് തന്റെ ക്രെെസ്തവ വിശ്വാസത്തെ ചൂണ്ടിക്കാട്ടി പറഞ്ഞിരുന്നു.
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഏറ്റവും ആവേശത്തില്‍ നടക്കുമ്പോള്‍ ദൈവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ താരങ്ങള്‍ മടി കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചും കുരിശ് വരച്ചും മത്സരത്തിന് മുന്‍പോ ശേഷമോ ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ കുറിച്ചും താരങ്ങള്‍ യേശുവിന് മഹത്വം നല്‍കുകയാണ്.