News - 2025
യുവജനങ്ങളുടെ കുടിയേറ്റം; വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
സ്വന്തം ലേഖകന്‍ 07-07-2018 - Saturday
ബെത്‌ലഹേം: യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വലിയതോതിലുള്ള കുറവുണ്ടെന്ന് വൈദികന്റെ വെളിപ്പെടുത്തല്‍. തിരുപ്പിറവി ബസലിക്കക്ക് സമീപമുള്ള സാന്താ കാതറീന ഇടവക വികാരിയായ ഫാ. റാമി അസാക്രിയെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രമാതീതമായ കുടിയേറ്റം മൂലം 90% ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന നഗരത്തില്‍ ഇപ്പോള്‍ വെറും 17 % ക്രിസ്ത്യാനികള്‍ മാത്രമാണുള്ളതെന്നും ആഗോള ക്രിസ്ത്യാനികളുടെ പുണ്യ നാടായ ബെത്ലഹേമിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഗൗരവമേറിയ പ്രശ്നമാണെന്നുമാണ് ഫാ. അസാക്രിയെ പറയുന്നത്.
തന്റെ ഇടവകയില്‍ 1,479 പലസ്തീനിയന്‍ കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്. ക്രിസ്ത്യന്‍ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതാണ് ഇതിന്റെ പ്രധാന കാരണം. പലവിധത്തിലുള്ള സഹായങ്ങള്‍ നല്‍കികൊണ്ട് തങ്ങള്‍ കുടിയേറ്റം തടയുവാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ നഗരത്തിലെ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം തൊഴില്‍ രഹിതരായ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാലസ്തീനിലെ പ്രതികൂല സാഹചര്യങ്ങള്‍ മൂലം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുവാന്‍ യുവജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സംഘടനകളുടെ സഹായം പ്രധാനമായും ഇറാഖിലേയും, സിറിയയിലേയും ക്രിസ്ത്യാനികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ബെത്ലഹേമിലെ ക്രിസ്ത്യാനികള്‍ക്കു കാര്യമായ പരിഗണന ലഭിക്കുന്നില്ലായെന്ന ആരോപണവും ഉയരുന്നുണ്ട്. തന്റെ ഇടവകയിലെ ക്രൈസ്തവര്‍ക്ക് ഇതുവരെ യാതൊരുവിധ ബാഹ്യസഹായവും ലഭിച്ചിട്ടില്ലെന്നും ഫാ. റാമി അസാക്രിയെ പറഞ്ഞു.