News - 2025

സിറിയന്‍ ദേവാലയങ്ങളുടെ പുനര്‍നിര്‍മ്മാണം; കത്തോലിക്ക ഓര്‍ത്തഡോക്സ് സംയുക്ത പദ്ധതി ആരംഭിച്ചു

സ്വന്തം ലേഖകന്‍ 09-07-2018 - Monday

ബാരി, ഇറ്റലി: സംഘര്‍ഷഭരിതമായ സിറിയയില്‍ യുദ്ധത്തിനിടയില്‍ തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളുടേയും, ആശ്രമങ്ങളുടേയും പുനര്‍നിര്‍മ്മാണത്തിനായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും, കത്തോലിക്കാ സഭയും ആവിഷ്ക്കരിച്ച സംയുക്ത പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങി. ഇക്കഴിഞ്ഞ ശനിയാഴ്ച റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്തയാണ് ഇക്കാര്യം റഷ്യന്‍ മാധ്യമങ്ങളെ അറിയിച്ചത്. സിറിയയിലെ സാഹചര്യങ്ങളില്‍ ഇപ്പോഴും യാതൊരു അയവ് വന്നിട്ടില്ലെങ്കിലും സമയം പാഴാക്കാതെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

അന്ത്യോക്യായിലെ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നായ മാലൗലായിലെ ദേവാലയമുള്‍പ്പെടെയുള്ള ചില ദേവാലയങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും, കേടുപാടുകള്‍ പറ്റിയ ഒരു കന്യാസ്ത്രീമഠത്തിലെ സന്യസ്ഥര്‍ക്ക് അധികം തമാസിയാതെ തന്നെ തിരികെവരുവാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെയും യൂറോപ്പിന്റെ വിശ്വാസബലക്ഷയത്തെ പറ്റിയും നിരവധി തവണ പ്രസ്താവന നടത്തിയ സഭാദ്ധ്യക്ഷനാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്ത.

അതേസമയം കഴിഞ്ഞവര്‍ഷം ആരംഭം മുതല്‍ ഏതാണ്ട് അരക്കോടിയോളം സിറിയക്കാര്‍ പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജന്‍സി കണക്കുകള്‍ സൂചിപ്പിക്കുന്നത്. 4,70,000-ത്തോളം ആളുകള്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിമത പോരാളികളുടെ ബോംബാക്രമണത്തില്‍ നിരവധി ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അനേകം ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിരിന്നു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചു കത്തോലിക്കാ സഭയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സഭകളും, സംഘടനകളും സ്തുത്യര്‍ഹമായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് സിറിയയില്‍ നടത്തി വരുന്നത്.

More Archives >>

Page 1 of 337