News - 2025

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യയിലെ കുറവ്; ആശങ്കയുമായി സഭാനേതൃത്വം

സ്വന്തം ലേഖകന്‍ 09-07-2018 - Monday

വത്തിക്കാന്‍ സിറ്റി: ആഭ്യന്തര കലഹവും യുദ്ധവും മൂലം ക്രിസ്തീയ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന കുറവില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം. ഒന്നാം ലോക മഹായുദ്ധത്തിന് മുന്‍പ് ഇരുപതു ശതമാനമായിരുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 4 ശതമാനമായി കുറഞ്ഞുവെന്ന് ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച് പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയുടെ പ്രാരംഭം മുതല്‍ മേഖലയുടെ സാംസ്കാരിക പൈതൃകത്തിന്റേയും ഉന്നതിയുടേയും അവിഭാജ്യഘടകമായിരുന്ന ക്രൈസ്തവ വിശ്വാസം ആഭ്യന്തരകലഹങ്ങളും ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളും മൂലം മേഖലയില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പയും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി ആശങ്ക പങ്കുവച്ചിരിന്നു. മേഖലയിലെ ക്രൈസ്തവ സാന്നിധ്യം ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പാപ്പ പറഞ്ഞത്. ഈജിപ്ത്, ഇറാഖ്, സിറിയ എന്നിവിടങ്ങളിലാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ പ്രധാനമായും വസിക്കുന്നത്. ഈജിപ്തിലെ ജനസംഖ്യയുടെ 10% ത്തോളം കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണ്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആവിര്‍ഭാവത്തോടെ ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരട്ടിയാകുകയായിരിന്നു. 2016 ഡിസംബര്‍ മുതല്‍ ഏതാണ്ട് നൂറോളം ക്രിസ്ത്യാനികളാണ് വിവിധ കൊല്ലപ്പെട്ടത്.

2017-ല്‍ കുരുത്തോലതിരുനാള്‍ ദിനത്തില്‍ കോപ്റ്റിക് ദേവാലയങ്ങളിലുണ്ടായ ബോംബാക്രമണങ്ങള്‍ 45 പേരുടെ മരണത്തിനിടയാക്കിയിരിന്നു. അതിനടുത്ത മാസമാണ് 30-തോളം ക്രിസ്ത്യാനികള്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലികഴിക്കേണ്ടി വന്നത്. ആദിമ ക്രൈസ്തവ സഭയുടെ ഈറ്റില്ലമായ ഇറാഖിലെ സ്ഥിതിയും വ്യത്യസ്തമല്ല. കര്‍ദ്ദിനാള്‍ ലൂയീസ് സാക്കോയുടെ കണക്കുകള്‍ പ്രകാരം 2013-ല്‍ സദ്ദാം ഹുസൈന്റെ പതനത്തിനു മുന്‍പ് ഏതാണ്ട് 15 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യാനികള്‍ ഇന്ന്‍ വെറും 5 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. സ്വാത്ത് മേഖലയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന്‍ ലക്ഷകണക്കിന് ക്രിസ്ത്യാനികളാണ് ഇറാഖില്‍ നിന്നും പലായനം ചെയ്തത്.

സിറിയയിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും കത്തോലിക്കരും, ഓര്‍ത്തഡോക്സ് വിശ്വാസികളുമാണുള്ളത്. ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തത് 15 ലക്ഷത്തോളം ക്രിസ്ത്യാനികളാണെന്നാണ് ആലപ്പോയിലെ കല്‍ദായ മെത്രാനായ അന്റോണിയോ ഓഡോ പറയുന്നത്. വിശുദ്ധ നാട്ടിലെ സ്ഥിഗതികളും വ്യത്യസ്ഥമല്ല. ഏതാണ്ട് 1,60,000-ത്തോളം ക്രിസ്ത്യാനികളാണ് ഇസ്രായേലില്‍ ഉള്ളത്. ആകെ ജനസംഖ്യയുടെ രണ്ടു ശതമാനമാണിത്. വിശുദ്ധ നാട്ടിലെ കത്തോലിക്കരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നു കഴിഞ്ഞ ദിവസമാണ് ബെത്ലഹേമിലെ ഒരു വൈദികന്‍ വെളിപ്പെടുത്തിയത്. ഗാസാ മുനമ്പിലെയും ജോര്‍ദ്ദാനിലെയും ക്രിസ്ത്യന്‍ സമൂഹവും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

More Archives >>

Page 1 of 338