News - 2025

വിശ്വാസമില്ലായ്മ ദൈവകൃപയ്ക്ക് തടസ്സം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 10-07-2018 - Tuesday

വത്തിക്കാന്‍ സിറ്റി: വിശ്വാസമില്ലായ്മ ദൈവകൃപയ്ക്ക് തടസ്സമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ജൂലൈ എട്ടാം തീയതി ഞായറാഴ്ച വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദൈവം മുന്‍വിധികള്‍ക്ക് കീഴ്പ്പെടുന്നില്ലായെന്നും നമ്മിലേയ്ക്കു വരുന്ന ദൈവിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അല്പം ബുദ്ധിമുട്ടിയാലും നാം ഹൃദയം തുറക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്‍റെ ബാഹ്യമായ അടയാളങ്ങളിലും ചടങ്ങുകളിലും ഭാഗഭാക്കാകുകയും ദൈവം ഇല്ലാത്തതുപോലെ ജീവിക്കുന്ന ക്രൈസ്തവരുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം ക്രൈസ്തവര്‍ ക്രിസ്തുവിനോടോ സുവിശേഷത്തോടോ ഉണ്ടാകേണ്ടൊരു ആത്മബന്ധത്തോട് പൊരുത്തപ്പെടുന്നില്ല. ജീവിതശൈലികൊണ്ടാണ് ക്രൈസ്തവന്‍ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കേണ്ടതും, ലോകത്തിന് അത് സാക്ഷ്യപ്പെടുത്തേണ്ടതും. പാപ്പ ഓര്‍മ്മിപ്പിച്ചു.

തന്റെ സന്ദേശത്തില്‍ മദര്‍ തെരേസയെ പറ്റിയും പാപ്പ പ്രത്യേകം ചിന്ത പങ്കുവച്ചു. ദൈവകൃപ നമ്മില്‍ പ്രവര്‍ത്തിക്കുന്നത് ആശ്ചര്യകരമായ വിധത്തിലും നമ്മുടെ പ്രതീക്ഷകളെ മറികടക്കുന്ന രീതിയിലുമാണ്. കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയെ കറിച്ചൊന്നു ചിന്തിക്കാം. ആദ്യമൊക്കെ ആരും അവരെ ഗൗനിച്ചില്ല. ഒരു അണ കൊടുത്തു സഹായിക്കാന്‍ ആരുമില്ലായിരുന്നു. എന്നിട്ടും അവര്‍ തെരുവിലെ പാവങ്ങളുടെ പക്കലേയ്ക്കിറങ്ങി. കല്‍ക്കട്ട നഗരവീഥികളില്‍ മരണാസന്നരായും പരിത്യക്തരുമായി കിടന്ന പാവങ്ങള്‍ക്ക് മനുഷ്യാന്തസ്സിന് ഇണങ്ങുന്ന വിധത്തില്‍ മരിക്കാനും, അവരുടെ അന്ത്യനിമിഷങ്ങളെ പ്രശാന്തമാക്കാനും ഒരു മാലാഖയെപ്പോലെ മദര്‍ തെരുവിലേയ്ക്കിറങ്ങി.

അവരെ പരിചരിച്ചു. ഒരു കന്യാസ്ത്രി തന്‍റെ പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും കൊണ്ട് ലോകമെമ്പാടും അത്ഭുതമാണ് സൃഷ്ടിച്ചത്. ദൈവിക കാരുണ്യത്തിന്‍റെ അത്ഭുതം! ആ ഒരു സ്ത്രീയുടെ വിനീതഭാവവും എളിമയുമാണ് ലോകത്തെ ഉപവി പ്രവര്‍ത്തനങ്ങളെ വിപ്ലവാത്മകമാക്കിയത്! ദൈവകൃപയോടും അവിടുത്തെ വിളിയോടുമുള്ള നമ്മുടെ ഹൃദയകാഠിന്യവും സങ്കുചിത മനഃസ്ഥിതിയും ഇല്ലാതാക്കുവാന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാമെന്ന വാക്കുകളോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 338