News - 2025

21 വർഷങ്ങൾക്ക് ശേഷം ഫിലിപ്പീന്‍സ് വിദേശ മിഷ്ണറി ഉടമ്പടി പുതുക്കി

സ്വന്തം ലേഖകന്‍ 10-07-2018 - Tuesday

മനില: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഫിലിപ്പീന്‍സ് മെത്രാൻ സമിതിയും ഗവൺമെന്റ് ഇമ്മിഗ്രേഷൻ ബ്യൂറോയും വിദേശ മിഷ്ണറി ഉടമ്പടി പുതുക്കി. മനിലയിൽ ജൂലൈ രണ്ടിന് നടന്ന ചടങ്ങിൽ കഗായൻ ദെ ഓറോ ആർച്ച് ബിഷപ്പ് അന്റോണിയോ ജവേലന ലെഡസ്മയും ഇമ്മിഗ്രേഷൻ കമ്മീഷ്ണർ തോബിയാസ് ജാവിയറും ചേര്‍ന്നാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. വിദേശികളായ വൈദികരുടെയും സുവിശേഷ പ്രഘോഷകരുടേയും വിസ അപേക്ഷകൾക്ക് ഉടനടി അംഗീകാരം നല്‍കാനും തീരുമാനമായി. ദാവോ ആർച്ച് ബിഷപ്പും ഫിലിപ്പൈൻസ് മെത്രാൻ സമിതി അദ്ധ്യക്ഷനുമായ മോൺ.റോമുലോ വല്ലേസും കലൂകൻ ബിഷപ്പ് മോൺ. പാബ്ലോ വിർജിലിയോ ഡേവിഡും ചടങ്ങിൽ സന്നിഹിതരായിരുന്നു.

രാജ്യത്തെ പൗരന്മാരുടെ, പ്രത്യേകിച്ച് ദരിദ്രരും സമൂഹത്തിലെ നിരാലംബരുമായ സമൂഹത്തിന്റെ സാന്മാർഗികവും സമ്പൂർണവുമായ പുരോഗതിയ്ക്ക് മിഷ്ണറിമാരുടെ സംഭാവന വിലയേറിയതാണെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പ്രസ്താവിച്ചു. ഫിലിപ്പിനോ സമൂഹത്തിന്റെ ക്ഷേമത്തിനായി ജീവിതവും സൗകര്യങ്ങളും ഉഴിഞ്ഞുവെച്ച മിഷനറിമാരുടെ പ്രവർത്തനങ്ങളെ ഉടമ്പടിയിലൂടെ അംഗീകരിക്കുന്നതായും ഗവൺമെന്റ് അധികൃതർ വിലയിരുത്തി. മിഷ്ണറിമാരുടെ വിസ സംബന്ധിച്ച് വിവിധ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തിലാണ് ഉടമ്പടി പുതുക്കിയത്. 1997 നവംബർ പത്തിനാണ് സഭാനേതൃത്വവും സര്‍ക്കാര്‍ അധികാരികളും തമ്മില്‍ ആദ്യമായി ഉടമ്പടിയിൽ ഒപ്പുവച്ചത്.

More Archives >>

Page 1 of 338