News - 2025
ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫിലിപ്പീന്‍സ് സഭ
സ്വന്തം ലേഖകന്‍ 11-07-2018 - Wednesday
മനില: ദെെവനിന്ദ നടത്തുന്നവരുടെ മാനസാന്തരത്തിനായി ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫിലിപ്പീൻസിലെ കത്തോലിക്കാ സഭാനേതൃത്വം. ഏതാനും ദിവസങ്ങൾക്കു മുൻപ് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ട നടത്തിയ ദെെവ നിന്ദാപരമായ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനയ്ക്കു മെത്രാന്‍ സമിതി ആഹ്വാനം നല്‍കിയിരിക്കുന്നത്. ജൂലെെ പതിനേഴു മുതൽ ജൂലെെ പത്തൊൻപത് വരെയുളള ദിവസങ്ങളായിരിക്കും പ്രാർത്ഥനയ്ക്കും, ഉപവാസത്തിനുമായി ഫിലിപ്പീന്‍സ് ജനത മാറ്റിവയ്ക്കുക. ദെെവത്തിന്റെ തിരുനാമത്തെ നിന്ദിക്കുന്നവർക്കും, കള്ളസാക്ഷ്യം പറയുന്നവർക്കും, നിയമ ലംഘകർക്കെതിരെയുളള പോരാട്ടം എന്ന വ്യാജേന കൊലപാതകം നടത്തുന്നവർക്കും ദെെവത്തിന്റെ കാരുണ്യവും നീതിയും ലഭ്യമാകാൻ പ്രാർത്ഥനയും ഉപവാസവും നടത്തണമെന്ന് ബിഷപ്പ് പാബ്ളോ ഡേവിഡ് പറഞ്ഞു.
അധികാര സ്ഥാനത്ത് ഇരിക്കുന്ന നേതാക്കൾ കോപം ഉളവാക്കുന്ന കാര്യങ്ങൾ പറയുമ്പോൾ യേശു കാണിച്ചു തന്ന വഴി വിശ്വാസികള്‍ പിന്തുടരണം. ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അധിക്‌ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ഒരു ചെകിട്ടത്ത് അടുക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക എന്ന വചനത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവന. അതേസമയം പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉണ്ടായതിനു ശേഷം മെത്രാൻ സമിതി അധ്യക്ഷനുമായി ഡൂട്ടെര്‍ട്ട ചര്‍ച്ച നടത്തിയതായാണ് പുറത്തുവരുന്ന വിവരം.കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയ വിവിധ പരാമർശങ്ങളുടെ പേരിൽ ഡൂട്ടെര്‍ട്ട ഇതിനു മുൻപും പല തവണ മാധ്യമ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.