News - 2025
മാമ്മോദീസ സ്വീകരിച്ചവര്‍ സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 17-07-2018 - Tuesday
വത്തിക്കാന്‍ സിറ്റി: മാമ്മോദീസായിലൂടെ ലഭിച്ച യോഗ്യതയാൽ എല്ലാ കത്തോലിക്ക വിശ്വാസികളും യേശുവിന്റെ സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സുവിശേഷം പ്രഘോഷണ ദൗത്യം സഭയിൽ നിന്നും വേര്‍പ്പെടുത്താൻ കഴിയില്ലായെന്നും സുവിശേഷം പ്രഘോഷിക്കുന്നതിന്‍െറയും യേശുവിനെ ഏറ്റു പറയുന്നതിന്‍െറയും ആവശ്യകത മനസ്സിലാക്കാത്ത മാമോദീസ സ്വീകരിച്ച വ്യക്തി ഒരു യഥാര്‍ത്ഥ ക്രിസ്‌ത്യാനി അല്ലെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
സുവിശേഷ പ്രഘോഷണം എന്നത് യേശുവിൽ നിന്നും, സഭയിൽ നിന്നും വേർപ്പെടുത്തി ചെയ്യാൻ സാധിക്കുന്ന ഒന്നല്ല. യേശുവിൽ നിന്നും ദൗത്യം സ്വീകരിച്ച സഭ അയയ്ക്കാതെ ഒരു ക്രിസ്‌ത്യാനിക്കും സ്വന്തം നിലയിൽ സുവിശേഷം പ്രഘോഷിക്കാൻ സാധിക്കില്ല. വിവിധ ജീവിത സാഹചര്യങ്ങളിൽ യേശുവിന്‍െറ സുവിശേഷത്തിനു സാക്ഷ്യംനൽകാനുള്ള വിളി മാമ്മോദീസ സ്വീകരിച്ച എല്ലാവർക്കും ഉളളതാണ്. അത് പുരോഹിതർക്കു മാത്രം ഉളള വിളി അല്ലെന്നും പാപ്പ കൂട്ടി ചേര്‍ത്തു. വചനം പ്രഘോഷിക്കുവാന്‍ ദൈവവചനത്തിന്‍െറ പ്രഥമ ശിഷ്യയും, മിഷ്ണറിയുമായിരുന്ന കന്യകാമറിയത്തിന്‍െറ മദ്ധ്യസ്ഥം തേടാം എന്ന വാക്കുകളോടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്‍െറ സന്ദേശം അവസാനിപ്പിച്ചത്.