News
ഗര്‍ഭഛിദ്ര വിധി റദ്ദാക്കുന്നതിനായി അമേരിക്കയില്‍ നൊവേന യത്നം
സ്വന്തം ലേഖകന്‍ 23-07-2018 - Monday
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള പ്രമാദമായ ‘റോയ് v. വേഡ്’ കേസിന്‍മേലുള്ള സുപ്രീം കോടതി വിധിയുടെ മാറ്റത്തിനായി ദേശവ്യാപകമായി നൊവേനക്ക് ആഹ്വാനം ചെയ്തുകൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനും, ന്യൂയോര്‍ക്കിലെ കര്‍ദ്ദിനാളുമായ തിമോത്തി ഡോളന്‍ രംഗത്ത്. ഓഗസ്റ്റ് 3 മുതല്‍ സെപ്റ്റംബര്‍ 28 വരെയുള്ള 9 വെള്ളിയാഴ്ചകളിലും മനുഷ്യ ജീവന്റെ സംരക്ഷണമെന്ന നിയോഗത്തെ മുന്‍നിറുത്തി പ്രത്യേകമായി നൊവേന ചൊല്ലണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനാ ദിവസങ്ങളില്‍ ഉപവസിക്കുന്നതു നല്ലതായിരിക്കുമെന്നും കര്‍ദ്ദിനാളിന്റെ ആഹ്വാനത്തില്‍ പറയുന്നു.
ജസ്റ്റിസ് അന്തോണി കെന്നഡി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‍ പ്രസിഡന്റ് ട്രംപ് വാഷിംഗ്‌ടണ്‍ സര്‍ക്ക്യൂട്ട് കോടതി ജഡ്ജി ബ്രെറ്റ് കാവനോയെ അടുത്ത സുപ്രീം കോടതി ജസ്റ്റിസായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന്‍ ഗര്‍ഭഛിദ്ര അനുകൂലികള്‍ ഭ്രൂണഹത്യക്കുള്ള നിയമസംരക്ഷണം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ ഡോളന്‍ പ്രാര്‍ത്ഥന വഴിയായി ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രചാരണ പരിപാടിക്ക് ആഹ്വാനം ചെയ്തത്.
ഓരോ മനുഷ്യ ജീവനും നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്ന ഒരു ദിവസത്തിലേക്ക് നമ്മുടെ രാഷ്ട്രത്തെ നയിക്കുവാന്‍ പുതിയ സുപ്രീം കോടതി ജസ്റ്റിസിന് സാധിക്കട്ടേയെന്നും, അതിനായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജീവന് ഭീഷണിയായ നിലവിലെ സുപ്രീംകോടതി വിധിയെ നിലനിര്‍ത്തുവാന്‍ തല്‍പ്പര കക്ഷികള്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ബന്ധപ്പെട്ടവരെ അറിയിക്കും. പ്രോലൈഫ് നയമുള്ള ജഡ്ജി അടുത്ത സുപ്രീംകോടതി ജസ്റ്റിസാകുന്നതു തടയുവാന്‍ അബോര്‍ഷന്‍ അനുകൂലികള്‍ സെനറ്റില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തി വരുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ഒന്‍പതു വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകളും, ആവശ്യമായ വിവരങ്ങളും, ഉപവാസത്തിനായുള്ള അഭ്യര്‍ത്ഥനയും ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി ഇതുസംബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ നൊവേനയുടെ വിജയത്തിനായി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, ഒരു നന്മനിറഞ്ഞ മറിയവും, ഒരു ത്രിത്വ സ്തുതിയും നൊവേനക്ക് മുന്‍പായി ചൊല്ലണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.