News - 2024

ഫിലിപ്പീന്‍സിലെ ദുരിത ബാധിതര്‍ക്ക് കത്തോലിക്ക സഭയുടെ കൈത്താങ്ങ്‌

സ്വന്തം ലേഖകന്‍ 15-08-2018 - Wednesday

മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാന നഗരമായ മനിലയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് അഭയമായി കത്തോലിക്ക ദേവാലയങ്ങള്‍. മനില കര്‍ദ്ദിനാള്‍ അന്റോണിയോ ലൂയീസ് ടാഗിളിന്റെ ആഹ്വാനപ്രകാരമാണ് ദേവാലയങ്ങള്‍ വെള്ളപ്പൊക്കബാധിതര്‍ക്ക് തുറന്നു നല്‍കിയത്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിനൊപ്പം കാര്‍ഡിംഗ് കൊടുങ്കാറ്റു കൂടിയായപ്പോള്‍ ഉണ്ടായ ശക്തമായ മഴയില്‍ മനിലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ 2 മീറ്ററോളം ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.

നമ്മുടെ പൊതു ഭവനം എന്ന് ഫ്രാന്‍സിസ് പാപ്പാ തന്നെ വിശേഷിപ്പിച്ചിട്ടുള്ള പ്രകൃതി മനുഷ്യര്‍ക്ക് നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രകൃതിക്ഷോഭമെന്നു കര്‍ദ്ദിനാള്‍ ടാഗിള്‍ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതു കടമയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നോളം പേര്‍ ഇതുവരെ മരണപ്പെട്ടുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. മനിലയിലും പരിസരപ്രദേശങ്ങളിലുമുള്ള 713 ഗ്രാമങ്ങളില്‍ നിന്നുമായി ഏതാണ്ട് 11 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.

2,48,080 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇതില്‍ 13,724 കുടുംബങ്ങള്‍ ഭവനരഹിതരായി കഴിഞ്ഞു. 59,108 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വരുന്ന ദിവസങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത അധികൃതര്‍ മുന്നില്‍ കാണുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളെ നേരിടുവാന്‍ സുസജ്ജമായ ഒരു പ്രത്യേക സര്‍ക്കാര്‍ വിഭാഗം സ്ഥാപിക്കണമെന്ന് ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.


Related Articles »