News - 2025
മനുഷ്യത്വം മരണത്തിനപ്പുറവും; സുബ്രഹ്മണ്യനു ദേവാലയ സെമിത്തേരിയില്‍ അന്ത്യവിശ്രമം
സ്വന്തം ലേഖകന്‍ 19-08-2018 - Sunday
തൊടുപുഴ: ദുരിതപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തൊടുപുഴയില്‍ നിന്നും സഹോദര സ്നേഹത്തിന്റെ മഹത്തായ അധ്യായം. ചിത്തിരപുരം രണ്ടാം മൈലിൽ ദുരിതാശ്വാസ ക്യാംപിൽ മരിച്ച വട്ടത്തേരിൽ സുബ്രഹ്മണ്യന്റെ (65) മൃതദേഹം കത്തോലിക്ക ദേവാലയ സെമിത്തേരിയിലാണ് സംസ്കരിച്ചത്. പ്രളയത്തെ തുടര്‍ന്നു മൃതദേഹം സംസ്കരിക്കാൻ സ്ഥലം തേടി നടന്ന കുടുംബത്തിന് രൂപത വികാരി ജനറൽ ഫാ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ അനുമതിയോടെ വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസൽ സെന്റ് ആൻസ് സെമിത്തേരിയില്‍ കല്ലറ നല്‍കുകയായിരിന്നു.
ഇന്നലെ രാവിലെ പത്തോടെ, സെന്റ് ആൻസ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പിൽ ക്യാംപ് സന്ദർശിച്ചപ്പോഴാണു സുബ്രഹ്മണ്യൻ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാൽ സംസ്കരിക്കാൻ സ്ഥലമില്ലെന്ന ദുഃഖം സുബ്രഹ്മണ്യന്റെ മകൻ സുരേഷും മരുമകൻ മണിയും വൈദികനോടു പങ്കുവച്ചു. തുടര്‍ന്നു വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി. വികാരി ജനറൽ അനുമതിയും നൽകിയതോടെ ഇന്നലെ വൈകിട്ട് നാലുമണിയോട് കൂടി സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു അന്തിമോപചാരത്തിന് ശേഷം സംസ്കാരം നടത്തുകയായിരുന്നു.