News - 2025
കേരളത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ മെത്രാൻ സമിതി
സ്വന്തം ലേഖകന്‍ 17-08-2018 - Friday
ന്യൂഡൽഹി: കേരളം നേരിടുന്ന പ്രളയകെടുതിയിൽ സംസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരത ദേശീയ മെത്രാന്‍ സമിതിയുടെ പത്രകുറിപ്പ്. പ്രകൃതി ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടേയും ഭവനരഹിതരായവരുടേയും ഒറ്റപ്പെട്ടുപോയവരുടേയും ദുഃഖത്തിൽ പങ്കുച്ചേരുന്നതായി കത്തോലിക്ക മെത്രാൻ സമിതി ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയിൽ കുറിച്ചു. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കത്തോലിക്ക മെത്രാൻ സമിതി ജനറൽ സെക്രട്ടറി ബിഷപ്പ് തിയോഡോർ മസ്കരൻഹാസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രളയബാധിത മേഖലകളിൽ കത്തോലിക്ക സംഘടനയായ കാരിത്താസ് പ്രാദേശിക സഭാ നേതൃത്വത്തോടൊപ്പം സഹായമെത്തിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്ക വിദ്യാലയങ്ങളും സ്ഥാപനങ്ങളും ജനങ്ങൾക്ക് താമസിക്കുവാൻ തുറന്നു കൊടുക്കണം. മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും ദുരിതങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളി, വസ്ത്രം, അത്യാവശ്യം മരുന്ന് എന്നിവ ലഭ്യമാക്കാന്‍ സര്‍ക്കാരിനോടു സഹകരിച്ച് സഭാ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം. മഴക്കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സജ്ജമാക്കാൻ ഗവൺമെന്റിനോടും സന്നദ്ധ സംഘടനകളോടും ഒപ്പം പ്രവർത്തിക്കുമെന്നും സിബിസിഐ പ്രസ്താവനയിൽ വിശദീകരിച്ചു.
അതിതീവ്ര മഴയെ തുടര്‍ന്നു കരകവിയുന്ന പുഴകളും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 113 പേരാണ് മരിച്ചത്. അനൗദ്യോഗികമായി ഇതില്‍ അധികം ഉണ്ടെന്നാണ് സൂചന. എഴുപത്തിഅയ്യായിരം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.