News - 2025
കേരളത്തിനു ആഗോള പിന്തുണ ഉറപ്പാക്കാന്‍ ക്രിസ്റ്റ്യൻ എയിഡ് സംഘടന
സ്വന്തം ലേഖകന്‍ 22-08-2018 - Wednesday
ലണ്ടന്‍: പ്രളയക്കെടുതിമൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിലെ ജനങ്ങൾക്കായി ആഗോള സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റ്യൻ എയിഡ് അന്താരാഷ്ട്ര സംഘടന. നിലവില്‍ കേരളത്തിൽ ഏകദേശം ഇരുപതിനായിരത്തോളം ആളുകളിലേയ്ക്ക് ക്രിസ്റ്റ്യൻ എയിഡിന്റെ സഹായം എത്തുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനാണ് സംഘടന ആഗോള പിന്തുണ തേടിയത്. സംഘടനയുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ രാജ്യങ്ങൾ കേരളത്തിനെ സഹായിക്കാൻ രംഗത്തു വരുമെന്നാണ് കരുതപ്പെടുന്നത്. കുടിവെള്ളം, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ ആളുകളിലേയ്ക്ക് എത്തിക്കാൻ ക്രിസ്റ്റ്യൻ എയിഡ് പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
നൂറ് വർഷമായി പ്രദേശം കണ്ടിട്ടോ, കേട്ടിട്ടോ ഇല്ലാത്ത പ്രളയക്കെടുതിയാണ് കേരളത്തില്‍ സംഭവിച്ചതെന്ന്‍ ക്രിസ്റ്റ്യൻ എയിഡിന്റെ ദക്ഷിണേഷ്യൻ മേഖലയുടെ തലവന്‍ റാം കിഷൻ പറഞ്ഞു. വീടു നഷ്ടപ്പെട്ടവർക്ക് കുടിവെള്ളവും, ഭക്ഷണവും, പാർപ്പിടവും കിട്ടാൻ സംഘടനയുടെ അഭ്യർത്ഥന ഉപകാരപ്രദമാകുമെന്നും റാം കിഷൻ കൂട്ടി ചേർത്തു. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലകളായ വയനാടും, ഇടുക്കിയും കേന്ദ്രീകരിച്ചായിരിക്കും സംഘടനയുടെ കൂടുതൽ പ്രവർത്തനങ്ങൾ. ബ്രിട്ടീഷ് സർക്കാർ നൽകിയ എഴുപതുലക്ഷം രൂപയിൽ നിന്നാണ് ക്രിസ്റ്റ്യൻ എയിഡ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.