News - 2025
നൈജീരിയയിൽ യുവ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 21-08-2018 - Tuesday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയായ അബൂജയിലെ ഗ്വാഗ്വാല്‍ദ പ്രദേശത്തെ വൈദികൻ ഫാ. മിഖായേൽ അകാവുവാണ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആയുധാരികളായ മോഷ്ടാക്കളാണെന്നാണ് പോലീസ് ഭാഷ്യം. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെ സൂപ്പർമാർക്കറ്റിൽ നടന്ന അക്രമണത്തിൽ ഫാ. അകാവുന് നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം തിരുപട്ടം സ്വീകരിച്ചു അഭിഷിക്തനായ ഫാ. അകാവു, ഗ്വാഗ്വാല്‍ദ മേഖലയിലെ പ്രഥമ വൈദികനായിരിന്നു. വൈദികന്റെ മരണം സ്ഥിരീകരിച്ചു കത്തോലിക്ക സഭ വക്താവ് ഫാ. ക്രിസ് അന്യാൻവു രംഗത്തെത്തിയിട്ടുണ്ട്. ഫാ.അകാവുന്റെ വിയോഗം വേദനാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം മോഷണ ശ്രമമെന്ന വ്യാജേന അക്രമികള്‍ വൈദികനെ കൊലപ്പെടുത്തിയതാണോയെന്നും സംശയമുണ്ട്.