News

ആഗോള കുടുംബസംഗമത്തിന് അയര്‍ലണ്ടില്‍ പ്രൗഢ ഗംഭീരമായ തുടക്കം

സ്വന്തം ലേഖകന്‍ 22-08-2018 - Wednesday

ഡബ്ലിന്‍: ‘കുടുംബത്തിന്റെ സുവിശേഷം ലോകത്തിനുവേണ്ടിയുള്ള ആനന്ദം’ എന്ന ആപ്തവാക്യത്തില്‍ ആഗോള കുടുംബസംഗമത്തിന് അയര്‍ലണ്ടില്‍ പ്രൗഢഗംഭീരമായ തുടക്കം. ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡയർമുയിഡ് മാർട്ടിനാണ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു 4.30നു സി‌ബി‌സി‌ഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. 116 രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിനായിരത്തിനടുത്ത് ആളുകളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഓരോ ദിവസവും വിവിധ വേദികളിൽ സമ്മേളനങ്ങൾ നടക്കും.

ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്‌നേഹത്തിന്റെ സന്തോഷ’ത്തെ ആസ്പദമാക്കി ‘കുടുംബവും വിശ്വാസവും’, ‘കുടുംബവും സ്‌നേഹവും’, ‘കുടുംബവും പ്രത്യാശയും’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമാകും. സംഗമത്തിന്റെ അവസാന ദിനങ്ങളായ 25, 26 തീയതികളില്‍ ഫ്രാന്‍സിസ് പാപ്പ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി ഇന്നലെ ഐറിഷ് ജനതയ്ക്കു പാപ്പ സന്ദേശം നല്‍കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കുള്ള ദൈവികപദ്ധതിയുടെ ഉത്സവത്തിലേയ്ക്കാണ് താന്‍ സന്തോഷത്തോടെ വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ചുകൂടാനും അവരുടെ തിരഞ്ഞെടുപ്പുകള്‍ ജീവിക്കാന്‍ പരസ്പരം സഹായിക്കാന്‍ സംഗമം സഹായകമാകും. ഡബ്ലിനിലെ ആഗോള സംഗമത്തെ നിരീക്ഷിക്കുന്ന ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്കും കൂടിക്കാഴ്ച നവീകരണത്തിനും നവോന്മേഷത്തിനുമുള്ള നല്ല അവസരമാണ്. സാമൂഹികജീവിതത്തില്‍ കുടുംബങ്ങള്‍ക്കുള്ള പങ്കു വളരെ വലുതാണ്.

പ്രത്യേകിച്ച് യുവജനങ്ങളുടെയും വരുംതലമുറയുടെയും നല്ല ഭാവി ഒരുക്കിയെടുക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള ഉത്തരവാദിത്ത്വം ശ്രേഷ്ഠമാണ്. തന്റെ സന്ദര്‍ശനം ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ ഐക്യവും അനുരഞ്ജനവും വളര്‍ത്തട്ടെയെന്നും അതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ രേഖപ്പെടുത്തി. ഓഗസ്റ്റ് 26ന് ഫിയോനിക്‌സ് പാർക്കിൽപാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടും ദിവ്യകാരുണ്യ ആശീർവാദത്തോടുംകൂടിയാണ് ലോക കുടുംബസംഗമത്തിന് തിരശീല വീഴുക. സമ്മേളനത്തില്‍ പങ്കുചേരുന്നവര്‍ക്കു ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിന്നു.

More Archives >>

Page 1 of 354