News - 2025
മക്കൾ ജനിക്കട്ടെ; കുടുംബാസൂത്രണ നയം ഉപേക്ഷിക്കുവാൻ ചൈന
സ്വന്തം ലേഖകന്‍ 23-08-2018 - Thursday
ബെയ്‌ജിംഗ്: നാലു പതിറ്റാണ്ടായി ചെെനയിലെ കമ്മ്യൂണിസ്റ്റു സർക്കാർ പിന്തുടർന്നു വരുന്ന കുടുംബാസൂത്രണ നയം ഉപേക്ഷിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെെനയിലെ ഷാൻസി എന്ന സ്ഥലത്തെ പ്രാദേശിക ഭരണകൂടമാണ് കുടുംബാസൂത്രണം നയം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ട് പുറത്തിറക്കിയത്.
സാധാരണ ചെെനയിലെ കമ്മ്യൂണിസ്റ്റു സർക്കാർ നടപ്പിലാക്കാൻ ഉദേശിക്കുന്ന പല നയങ്ങളും പ്രാദേശിക തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതിനു ശേഷമായിരിക്കും രാജ്യ വ്യാപകമാക്കുക. അതിനാൽ ഷാൻസിയിലെ പ്രാദേശിക ഭരണകൂടം എടുത്തിരിക്കുന്ന നിലപാട് കമ്മ്യൂണിസ്റ്റു സർക്കാരിന്റെ ചുവടുമാറ്റ സൂചനകളാണ് നൽകുന്നത്. ഇപ്പോൾ ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ എന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ദീർഘനാൾ നടപ്പിലാക്കി പരാജയപ്പെട്ട ഒറ്റകുട്ടി നയത്തിനു രണ്ടായിരത്തി പതിനാറിലാണ് സർക്കാർ മാറ്റം കൊണ്ടുവന്നത്.
എന്നാൽ സർക്കാരിന്റെ രണ്ടു കുട്ടി നയവും പ്രതികൂലമാകുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. ജനസംഖ്യ വർദ്ധനവ് ഇല്ലാത്തതു മൂലം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു തന്നെ കോട്ടം തട്ടുന്നു.
അതിനാൽ കുടുംബാസൂത്രണം എന്ന പേരു പറഞ്ഞ് ഏതാനും വർഷങ്ങളായി സർക്കാർ കൊണ്ടു വന്ന പദ്ധതികൾ പലതും ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്. എന്നാൽ ചെെനയുടെ പല ഭാഗങ്ങളിലും രണ്ട് കുട്ടികൾ എന്ന നയം പിന്തുടരാത്ത ദമ്പതികൾക്ക് ഇപ്പോഴും വലിയ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.