News - 2025

കന്യകാമാതാവിന്റെ പ്രത്യക്ഷീകരണത്തെ ആസ്പദമാക്കി സിനിമ

സ്വന്തം ലേഖകന്‍ 01-09-2018 - Saturday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്തെ ആസ്പദമാക്കി സുപ്രസിദ്ധ എഴുത്തുകാരനും സംവിധായകനുമായ സേവ്യര്‍ ജിയാന്നോളിയുടെ സംവിധാനത്തില്‍ പുതിയ സിനിമ തിയറ്ററുകളിലേക്ക്. “ദി അപ്പാരിഷന്‍” എന്ന് പേരിട്ടിരിക്കുന്ന സിനിമ സെപ്റ്റംബര്‍ 7-ന് തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലെത്തും. പരിശുദ്ധ കന്യകാമാതാവിനെ ദര്‍ശിച്ചുവെന്ന ഫ്രഞ്ച് യുവതിയുടെ അവകാശവാദത്തെ കുറിച്ച് വത്തിക്കാന്റെ നിര്‍ദ്ദേശപ്രകാരം ഒരു റിപ്പോര്‍ട്ടര്‍ അന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഏറ്റവും മികച്ച നടനുള്ള ‘കാന്‍’ അവാര്‍ഡ് നേടിയിട്ടുള്ള വിന്‍സെന്റ്‌ ലിന്‍ഡനാണ് ജാക്വസ് മയാനോ എന്ന പത്രപ്രവര്‍ത്തകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗലാറ്റീ ബെല്ലൂജിയാണ് ഫ്രഞ്ച് യുവതിയായി വേഷമിടുന്നത്.

പാട്രിക് ഡി’അസ്സുമാക്കോ, അനാട്ടോളെ ടോബ്മാന്‍, എലീന ലോവെന്‍സോണ്‍, ക്ളോഡ് ലെവേക്യു തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് നിരവധി അവകാശവാദങ്ങളും, വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തില്‍ ജിയാന്നോളിയുടെ സിനിമ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് വിലയിരുത്തുന്നത്. ദൈവ മാതാവിന്റെ ദര്‍ശനം ലഭിച്ചതായി നൂറു കണക്കിന് അവകാശവാദങ്ങളാണ് നൂറ്റാണ്ടുകളായി പുറത്തു വന്നിട്ടുള്ളത്. എന്നാല്‍ ഇതില്‍ 12 എണ്ണം മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. കഥയുടെ പ്രമേയത്തെ വളരെ ഗൗരവത്തോടെയാണ് ജിയാന്നോളി സമീപിച്ചിരിക്കുന്നത്.

More Archives >>

Page 1 of 358