News - 2025

ഉത്തര കൊറിയയില്‍ അമേരിക്കന്‍ പുരോഹിതന്റെ 'നിശബ്ദ കാരുണ്യ പ്രവര്‍ത്തനം'

സ്വന്തം ലേഖകന്‍ 31-08-2018 - Friday

സിയോള്‍: മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ഉത്തര കൊറിയയില്‍ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ നടത്തുന്ന 'നിശബ്ദ കാരുണ്യ പ്രവര്‍ത്തനങ്ങള്‍' ശ്രദ്ധേയമാകുന്നു. ഉത്തരകൊറിയയുടെ ഗ്രാമപ്രദേശങ്ങളില്‍ മെഡിക്കല്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയയില്‍ നിന്നും ഉത്തരകൊറിയയിലേക്ക് അതിര്‍ത്തി വഴി പുരോഹിതരെ എത്തിക്കുന്ന ‘മിഷന്‍ ഓഫ് മേഴ്സി’യുടെ പ്രധാന കാരുണ്യവാഹകനാണ് ഫാ. ജെറാര്‍ഡ് ഇ. ഹാമ്മോണ്ട്.

ഓഗസ്റ്റ് 7-ന് ബാള്‍ട്ടിമോറില്‍ വെച്ച് നടന്ന ‘നൈറ്റ്സ് ഓഫ് കൊളംബസ്'ന്റെ സുപ്രീം കണ്‍വെന്‍ഷനില്‍ പങ്കെടുക്കവേ അദ്ദേഹം നല്‍കിയ അഭിമുഖത്തിലൂടെയാണ് ഉത്തരകൊറിയയില്‍ ഫാ. ഹാമ്മോണ്ട് നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കഥ പുറം ലോകം അറിഞ്ഞത്. 1960 മുതല്‍ ‘മേരിക്നോള്‍’ മിഷ്ണറിയായി സിയോളില്‍ സേവനം ചെയ്തുവരികയാണ് ഇദ്ദേഹം. ഒരു പുരോഹിതന്‍ എന്താണെന്ന് പോലും അറിയാത്ത ഉത്തരകൊറിയയില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം അദ്ദേഹം പോയി വരാറുണ്ട്. “അതിര്‍ത്തികളില്ലാത്ത സൗഖ്യം” എന്നാണു അദ്ദേഹം തന്റെ സന്ദര്‍ശനങ്ങളെ വിശേഷിപ്പിക്കുന്നത്.

അമേരിക്കന്‍ ആസ്ഥാനമായുള്ള യൂജിന്‍ ബെല്‍ ഫൗണ്ടേഷന്റെ പ്രതിനിധികളുമായി 2000 മുതല്‍ ഏതാണ്ട് 50 പ്രാവശ്യത്തോളം അദ്ദേഹം ഉത്തര കൊറിയയില്‍ പോയിട്ടുണ്ട്. വീട്ടുകാരില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടിട്ടുള്ള രോഗികളുള്ള പന്ത്രണ്ടോളം ക്ഷയരോഗ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയുമാണ്‌ അദ്ദേഹം. മതസ്വാതന്ത്ര്യമില്ലാത്ത ഉത്തരകൊറിയില്‍ പ്രവേശിക്കുവാന്‍ തങ്ങള്‍ക്ക് അനുവാദം ലഭിക്കുന്നത് അത്ഭുതകരമാണെന്നാണ് അദ്ദേഹം പറയുന്നത്. “അവരെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ പാസ്പോര്‍ട്ടുള്ള ഞാന്‍ അവരുടെ ശത്രുവിന് തുല്ല്യമാണ്”. ഫാ. ഹാമ്മോണ്ട് പറയുന്നു.

1989-ല്‍ സര്‍ക്കാര്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഒരു കത്തോലിക്കാ ദേവാലയം പണികഴിപ്പിച്ചിരുന്നതായി ഫാ. ഹാമ്മോണ്ട് പറഞ്ഞു. ആഴ്ചയില്‍ 2 മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് ദേവാലയം തുറക്കുക. എന്നാല്‍ അവിടെ പുരോഹിതരാരുമില്ലാത്തതിനാല്‍ എത്രത്തോളം കത്തോലിക്കര്‍ ഉണ്ടെന്ന് അറിയുവാന്‍ കഴിയുന്നില്ല. എവിടെ സഹനമുണ്ടോ, അവിടെ ക്രിസ്തുവുണ്ട്. അതിനാല്‍ ഉത്തരകൊറിയയില്‍ സഹനമനുഭവിക്കുന്ന ജനങ്ങളുടെ അടുത്തെത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് എണ്‍പത്തിനാലുകാരനായ ഫാ. ഹാമ്മോണ്ട് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 357