News - 2024
വൈദികന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് പരിശോധന; പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ 31-08-2018 - Friday
മുംബൈ: ഈശോ സഭാംഗമായ വൈദികന്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ പൊലീസ് പരിശോധിച്ചതില്‍ പ്രതിഷേധം ശക്തം. എണ്‍പത്തിരണ്ടുകാരനായ ഫാ. സ്റ്റാന്‍ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതന്റെ റാഞ്ചിയിലുള്ള ഭവനത്തിലാണ് പോലീസ് അകാരണമായി പരിശോധന നടത്തിയത്. വൈദികന്‍റേത് ഉള്‍പ്പെടെ ഒമ്പതോളം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. യാതൊരുവിധ മുന്നറിയിപ്പോ, സെര്‍ച്ച് വാറന്റോ കൂടാതെ രാവിലെ 6 മണിയോടെ റാഞ്ചിയിലെ ജെസ്യൂട്ട് സോഷ്യല്‍ സെന്ററില്‍ എത്തിയ പോലീസ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മുറി പരിശോധിക്കുകയും, ലാപ്ടോപ്, സിം കാര്‍ഡുകള്‍, ഐപോഡ്, സി.ഡി, പെന്‍ ഡ്രൈവ്, റിസര്‍ച്ച് പേപ്പറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ പോലീസ് കൊണ്ടുപോകുകയായിരിന്നുവെന്ന് സെന്ററിന്റെ ഡയറക്ടറായ ഫാ. ഡേവിസ് സോളമന്‍ പറഞ്ഞു.
പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ താഴെത്തട്ടില്‍ കിടക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്തിവരികയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നും, അദ്ദേഹം വര്‍ഷങ്ങളായി സാന്താള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ സേവനം ചെയ്തുവരികയായിരുന്നുവെന്നും ഫാ. സോളമന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9-ന് ഹൈദരാബാദില്‍ നിന്നുള്ള വരവര റാവു, ഡല്‍ഹിയില്‍ നിന്നുള്ള ഗൗതം നവലാഖാ എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ സ്വദേശിയായ വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്, താനെയില്‍ നിന്നുള്ള അരുണ്‍ ഫെറേയ്‌റ എന്നിവരുടെ മുംബൈയിലെ വീടുകളും മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് റെയിഡ് ചെയ്തു.
പുണെയിലെ ഭീമ കൊരെഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിന്റെ 200-ാം വാർഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടർന്നു. വാർഷികാചരണത്തിന്റെ ഭാഗമായി ഡിസംബർ 31-ന് നടന്ന എൽഗാർ പരിഷത്ത് പരിഷത്ത് പരിപാടിയിൽ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇതുമായി ബന്ധമുണ്ടെന്ന അടിസ്ഥാനരഹിത പ്രചരണത്തെ തുടര്‍ന്നാണ് വൈദികന്‍റെ താമസ സ്ഥലത്തു ഉള്‍പ്പെടെ പോലീസ് റെയിഡ് നടത്തിയത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ നടപടികള്‍ക്കെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പൗരാവകാശ ലംഘനമായിട്ടാണ് നടപടിയെ പ്രമുഖര്‍ വിലയിരുത്തുന്നത്. പോലീസ് നടപടി ആശങ്ക ജനിപ്പിക്കുന്നതായി എഴുത്തുകാരി അരുന്ധതി റോയ് പ്രതികരിച്ചു. മനുഷ്യാവകാശപ്രവർത്തകർക്കെതിരായ പോലീസ് നടപടിയെ അപലപിച്ചു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്.