News - 2024

ചൈനയില്‍ ഓണ്‍ലൈന്‍ വഴിയുള്ള സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

സ്വന്തം ലേഖകന്‍ 13-09-2018 - Thursday

ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ സകല പരിമിതികളും ലംഘിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി പുതിയ നടപടി. ഓണ്‍ലൈന്‍ വഴിയായുള്ള എല്ലാവിധ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് (SARA) ആണ് നിയമത്തിന്റെ കരടുരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശ്വാസപരമായ ചടങ്ങുകളുടെ തല്‍സമയ പ്രക്ഷേപണം, പ്രാര്‍ത്ഥനകള്‍, സുവിശേഷ പ്രഘോഷണം തുടങ്ങി സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്നതിനു വരെ നിയമത്തില്‍ വിലക്കുണ്ട്. മതപരമായ വെബ്സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതിനും ഗവണ്‍മെന്റിന്റെ അനുവാദം ആവശ്യമാണ്‌.

‘മതപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍’ എന്ന തലക്കെട്ടോടെ ചൈന സര്‍ക്കാരിന്റെ നിയമപരമായ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള വെബ്സൈറ്റിലാണ് പുതിയ നിയമങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പുതിയ നിയമത്തെ കുറിച്ചുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള കരട് രൂപമെന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും മുന്‍ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇത് തന്നെയാണ് നിയമം. 5 അധ്യായങ്ങളിലും 35 പട്ടികകളിലുമായി കൊടുത്തിട്ടുള്ള പുതിയ നിയമത്തില്‍ ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയും, സര്‍ക്കാരിന്റെ ഔദ്യോഗിക മതനയത്തിനെതിരേയുമുള്ള നേരിയ വിമര്‍ശനം പോലും വിലക്കപ്പെട്ടിരിക്കുകയാണ്.

വിശ്വാസപരമായ ചടങ്ങുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്കൂളുകള്‍ക്കും സംഘടനകള്‍ക്കും സ്വന്തം ആഭ്യന്തര നെറ്റ്വര്‍ക്കില്‍ മാത്രമേ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുകയുള്ളൂ, ഇത് കാണുന്നതിനു യൂസര്‍ നെയിമും പാസ് വേര്‍ഡും ആവശ്യമാണ്‌ താനും. ഓണ്‍ലൈന്‍ വഴിയായുള്ള സുവിശേഷ പ്രഘോഷണം തടയുക എന്നത് മാത്രമാണ് പുതിയ നിയമത്തിന്റെ പിറകിലെ ലക്ഷ്യമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഭൂരിഭാഗം പേരും വിലയിരുത്തുന്നു. ഇതുവഴി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസത്തോടുള്ള ആഭിമുഖ്യത്തെ തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചൈനയില്‍ നിന്നും ഓരോ ദിവസവും പുതിയ പുതിയ മതസ്വാതന്ത്ര്യ ലംഘന വാര്‍ത്തകളാണ് പുറത്തുവരുന്നതെങ്കിലും ലോകത്തില്‍ ക്രൈസ്തവ വിശ്വാസം ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ക്രൈസ്തവ വിശ്വാസത്തിന് ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന വന്‍ സ്വീകാര്യതയും, പ്രചാരണവും ഭരണകൂടത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. 2030-ല്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

More Archives >>

Page 1 of 362