News - 2024

കന്ധമാൽ ക്രെെസ്തവ കൂട്ടക്കൊല: അന്വേഷണം കടലാസില്‍ ഒതുങ്ങി

സ്വന്തം ലേഖകന്‍ 13-09-2018 - Thursday

കന്ധമാൽ: ഒറീസയിലെ കന്ധമാൽ ക്രെെസ്തവർക്കെതിരെ കലാപം അഴിച്ചുവിട്ടവർക്കെതിരെ സുപ്രീംകോടതി നിർദേശിച്ചിട്ടും അന്വേഷണം ആരംഭിച്ചില്ല എന്ന ആരോപണം ശക്തമാകുന്നു. കലാപത്തിന്റെ ഇരകളായവർക്കു വേണ്ടി പോരാടുന്ന ഫാ. അജയ് സിങ് കന്ധമാൽ കലാപം നടന്ന് പത്തു വർഷം പൂർത്തിയായതിന്റെ ഒാർമയ്ക്കായി ഒറീസയിൽ നടന്ന ചടങ്ങിൽ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരിന്നു. സുപ്രീം കോടതിയുടെ ഉത്തരവ് ഇറങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല എന്നാണ് അദ്ദേഹം വിഷയത്തില്‍ പ്രസ്താവന നടത്തിയത്.

ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. കലാപത്തിൽ നൂറോളം ക്രെെസ്തവർ കൊല്ലപ്പെട്ടു. മുന്നുറോളം ദേവാലയങ്ങളും, മൂവായിരത്തോളം ക്രെെസ്തവ ഭവനങ്ങളും ആക്രമിക്കപ്പെട്ടു. അൻപത്താറായിരത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെട്ടു. കലാപത്തിൽ പങ്കെടുത്തുവെന്ന് കരുതപ്പെട്ട ആറായിരത്തിനാനൂറ്റിതൊണ്ണൂറ്റിയഞ്ച്‌ ആളുകളെ അറസ്റ്റ് ചെയ്യുകയും, എണ്ണൂറ്റി ഇരുപത്തിയേഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ വെറും എഴുപത്തിയെട്ടു പേരെ മാത്രമാണ് കുറ്റവാളികളായി അന്വേഷണ സംഘം കണ്ടെത്തിയത്.

ഇതിന്മേലാണ് രണ്ടു വർഷം മുൻപ് സുപ്രീംകോടതി ഒരു അന്വേഷണത്തിന് ഉത്തരവിട്ടത്. അക്രമത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരവും കുറവാണ് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ടാക്കൂറിന്റെ വിധിയിൽ പറഞ്ഞിരുന്നു. എന്നാല്‍ നാളിതുവരെ നടപടിയുണ്ടായിട്ടില്ല. ക്രെെസ്തവരെ ആക്രമിക്കാൻ ചില ആളുകൾ ആസൂത്രണം ചെയ്തതാണ് കന്ധമാൽ സംഭവം എന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്നിവേശ് പറഞ്ഞിരിന്നു. മതപരമായ ധ്രൂവീകരണം തുടർന്നാൽ ഇനിയും കന്ധമാൽ ആവർത്തിക്കപ്പെടുമെന്നും, കലാപത്തിന്റെ ഇരകളായവർക്ക് നീതി ലഭിക്കില്ലായെന്നുമാണ് സ്വാമി അഗ്നിവേശ് മുന്നറിയിപ്പ് നൽകിയത്.

More Archives >>

Page 1 of 362