News - 2024

ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വത്തിക്കാനില്‍ വിളിച്ചുകൂട്ടും

സ്വന്തം ലേഖകന്‍ 14-09-2018 - Friday

വത്തിക്കാന്‍ സിറ്റി: സഭയില്‍ ലൈംഗീക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടുവാന്‍ മാര്‍പാപ്പയുടെ തീരുമാനം. സഭാനവീകരണത്തിനായുള്ള ഒന്‍പത് അംഗ കര്‍ദ്ദിനാള്‍ കമ്മീഷന്‍റെ ത്രിദിന സമ്മേളനത്തിന്റെ ഏറ്റവും അവസാനത്തെ ചര്‍ച്ചാവേദിയിലായിരുന്നു ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടുന്ന കാര്യം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരി 21 മുതല്‍ 24 വരെ തീയതികളിലാണ് “ലൈംഗീക പീഡനങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ സംരക്ഷണം” എന്ന വിഷയത്തില്‍ വത്തിക്കാനില്‍ പാപ്പായുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടക്കുക.

ആഗോളതലത്തില്‍ മെത്രാന്മാരെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയും, മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും, പ്രായോഗികമായ നടപടിക്രമങ്ങള്‍ കൂട്ടായ്മയോടെ കൈക്കൊള്ളാനും ചര്‍ച്ച സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലു ദിവസം നീളുന്ന ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തില്‍ മറ്റൊരു ഔദ്യോഗിക പ്രബോധനം പുറത്തുവരുവാനും സാദ്ധ്യതയുണ്ടെന്നാണ് അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 20-ന് ആഗോളതലത്തില്‍ പ്രസിദ്ധപ്പെടുത്തിയ “ദൈവജനത്തിന്” (To the People of God) എന്ന അപ്പസ്തോലിക ലിഖിതത്തിലൂടെ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുമുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ച സഭയുടെ നിലപാടും, സഭയുടെ കര്‍ശനമായ ശിക്ഷാനടപടികളും ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിന്നു.

More Archives >>

Page 1 of 363