News - 2024
നവോത്ഥാനത്തിനു ശേഷം ആദ്യമായി ഫ്രാൻസിസ്ക്കൻ സന്യാസികൾ വാൽസിംഹാം തീർത്ഥാടന കേന്ദ്രത്തില്‍
സ്വന്തം ലേഖകന്‍ 30-09-2018 - Sunday
ലണ്ടന്‍: നവോത്ഥാനത്തിന് അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം ഫ്രാൻസിസ്ക്കൻ ഒാർഡർ ഒാഫ് ഫ്രയേർസ് മെെനർ കത്തോലിക്കാ സന്യാസ സമൂഹത്തിലെ സന്യസ്ഥർ ബ്രിട്ടണിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ മടങ്ങിയെത്തി. ഗ്രേ ഫ്രയേർസ് എന്നു അറിയപ്പെടുന്ന മൂന്നു സന്യാസികൾ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ ഔർ ലേഡി ഒാഫ് വാൽസിംഹാം ദേവാലയത്തിലേയ്ക്കാണ് മടങ്ങിയെത്തിയത്.
വീട്ടിലേയ്ക്ക് മടങ്ങി എത്തിയ അനുഭവമാണ് തങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നതെന്ന് സന്യാസികളുടെ രക്ഷാകര്‍ത്ത സ്ഥാനം വഹിക്കുന്ന ഫാ. ജെയിംസ് മേരി മക്ക്നേർനി പറഞ്ഞു. മുന്നോട്ടുള്ള നാളുകളില്‍ ഫാ. ജെയിംസും മറ്റു രണ്ടു വെെദികരും ചേർന്ന് തീർത്ഥാടകരെ വരവേൽക്കുകയും, അവർക്കു വേണ്ടി കുമ്പസാരം, ദിവ്യകാരുണ്യ മണിക്കൂർ എന്നിവ അടക്കമുള്ള ശുശ്രൂഷകള്‍ നടത്തി കൊടുക്കുകയും ചെയ്യും. തീർത്ഥാടന കേന്ദ്രത്തിന്റെ മറ്റു ചുമതലകളും ഇവർ വഹിക്കും.
പതിനാലാം നൂറ്റാണ്ടിലാണ് ഫ്രാൻസിസ്ക്കൻ സന്യാസികൾ ആദ്യമായി വാൽസിംഹാമില്‍ എത്തിയത്. രണ്ട് നൂറ്റാണ്ടോളം അവർ കുഷ്ട രോഗികളെ പരിചരിച്ചും, പാവപ്പെട്ട തീർത്ഥാടകർക്ക് അഭയം നൽകിയും അനേകരുടെ കണ്ണീര്‍ തുടച്ചിരിന്നു. അക്കാലത്ത് വാൽസിംഹാം യൂറോപ്പിലെ പ്രമുഖ തീർത്ഥാടന കേന്ദ്രം എന്ന പദവി വഹിച്ചിരുന്നു.
എന്നാൽ നവോത്ഥാന കാലഘട്ടത്തിൽ ദേവാലയവും അതിനോട് അനുബന്ധമായി ഉണ്ടായിരുന്ന സന്യാസിമഠവും തകർക്കപ്പെടുകയായിരിന്നു. നീണ്ടനാളത്തെ പ്രാർത്ഥനയ്ക്കും പരിശ്രമങ്ങൾക്കും ഒടുവിലാണ് ഫ്രാൻസിസ്ക്കൻ സന്യാസികൾക്ക് തിരികെ എത്താൻ സാധിച്ചത്. ചുമതല ഏറ്റെടുത്തിരിക്കുന്ന മൂന്നു വൈദികരും ദിവ്യകാരുണ്യ ഭക്തിയും, ദെെവ മാതാവിനോടുളള അടുപ്പവും മുറുകെ പിടിക്കുന്നവരാണ്.