News
അമേരിക്കന്‍ ജഡ്ജിക്കെതിരെ സാത്താന്‍ സേവ: പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി കത്തോലിക്ക ഭൂതോച്ചാടകന്‍
സ്വന്തം ലേഖകന്‍ 21-10-2018 - Sunday
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു വോട്ടെടുപ്പില്‍ വിജയം നേടിയ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവേനോക്കെതിരെ പരസ്യ ആഭിചാരകര്‍മ്മത്തിന് സാത്താന്‍ സേവകര്‍ ഒരുങ്ങുന്നു. അതീന്ദ്രീയ, ദുര്‍മന്ത്രവാദ പുസ്തകങ്ങളുടേയും, ഉപകരണങ്ങളുടേയും ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ കച്ചവട സ്ഥാപനമെന്ന് അവകാശപ്പെടുന്ന ‘ക്യാറ്റ് ലാന്‍ഡ്’ ബുക്ക് സ്റ്റോറിന്റെ നേതൃത്വത്തിലാണ് പൈശാചിക ശക്തികളെ കൂട്ടുപിടിച്ചു ആഭിചാരം നടത്തുന്നത്. ഇതിനെതിരെ കാലിഫോര്‍ണിയയിലെ സാന്‍ജോസ് കത്തോലിക്കാ രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനുമായ ഫാ. ഗാരി തോമസ് രംഗത്ത് വന്നിട്ടുണ്ട്.
തിന്മയുടെ ശക്തിയെ ജസ്റ്റിസിന്റെ നേര്‍ക്ക് തിരിച്ചുവിടുവാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പോരാടുമെന്നും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി സാത്താനും അവന്റെ കിങ്കരന്‍മാര്‍ക്കും എതിരെ പോരാടിക്കൊണ്ടിരിക്കുന്ന വൈദികന്‍ വ്യക്തമാക്കി. ഇത്തരം പരിപാടികളും, അവയില്‍ പങ്കെടുക്കുന്നവരേയും തടയേണ്ടതാണെന്നും റോമില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള ഫാ. തോമസ് കൂട്ടിച്ചേര്‍ത്തു. “റിച്ച്വല്‍ റ്റു ഹെക്സ് ബ്രെറ്റ് കവാനാ II” എന്ന് പേരിട്ടിരിക്കുന്ന ആഭിചാരകര്‍മ്മത്തില്‍ 10 ഡോളറിന്റെ ടിക്കറ്റ് എടുത്താല്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ പറയുന്നു. ഓരോ ടിക്കറ്റിന്റേയും 25% വീതം ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്ലാന്‍ഡ് പാരന്റ്ഹുഡ്’നു നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
ഇത് സംസാര സ്വാതന്ത്ര്യത്തേയോ, ആവിഷ്കാര സ്വാതന്ത്ര്യത്തേയോ സംബന്ധിക്കുന്നതല്ല. മറിച്ച്, പരസ്യമായ ദുര്‍മന്ത്രവാദം തന്നെയാണ്. തിന്മയുടെ ശക്തികളാണ് ഇക്കൂട്ടരുടെ ആരാധനാ മൂര്‍ത്തികള്‍. എന്നാല്‍ അവര്‍ ലക്ഷ്യംവെക്കുന്ന വ്യക്തി ദൈവാനുഗ്രഹം നിറഞ്ഞ അവസ്ഥയിലാണെങ്കില്‍ ഇത്തരം കര്‍മ്മങ്ങള്‍ എല്‍ക്കാതിരിക്കുകയോ, അല്ലെങ്കില്‍ കര്‍മ്മത്തിന്റെ ഫലത്തില്‍ കുറവുണ്ടാവുകയോ ചെയ്യും. അല്ലാത്തപക്ഷം ഇരക്ക് ഏതെങ്കിലും വിധത്തിലുള്ള ശാരീരിക രോഗമോ, മനോരോഗമോ, അസ്വസ്ഥതയോ, പൈശാചിക ആക്രമണമോ നേരിടേണ്ടതായി വരും. വാര്‍ത്ത തന്നെ നടുക്കിയെന്നും ഇക്കാര്യം താന്‍ മറ്റ് കത്തോലിക്കാ ഭൂതോച്ചാടകരെ അറിയിച്ചിട്ടുണ്ടെന്നും ഫാ. തോമസ് വിവരിച്ചു.
സുപ്രീം കോടതി ജസ്റ്റിസിനെതിരെയുള്ള ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ അനുവദിച്ചു കൂടായെന്നും തിന്മയുടെ പ്രചാരകരാണ് ഇതിന്റെ പിന്നിലെന്നും അതിനാല്‍ ജസ്റ്റിസിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫാ. തോമസ് വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ‘ക്യാറ്റ് ലാന്‍ഡ്’ ബുക്ക് സ്റ്റോര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇത്തരത്തിലുള്ള മൂന്നു പൊതു ആഭിചാരകര്‍മ്മ പരിപാടികള്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗരതിക്കും എതിരായ ഭരണകൂടത്തിന്റെ നിലപാടാണ് സാത്താന്‍ സേവകരെ ചൊടിപ്പിച്ചത്.