News

വിശ്വാസ വളർച്ചയിൽ അരുണാചൽ പ്രദേശ് മുന്നോട്ട്

സ്വന്തം ലേഖകന്‍ 21-10-2018 - Sunday

വാഷിംഗ്ടൺ ഡി‌സി: മതന്യൂനപക്ഷങ്ങൾക്കെതിരെ അസഹിഷ്ണുതയും ആക്രമവും വളർത്തുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ ശ്രമങ്ങൾക്കിടയിലും കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ കത്തോലിക്ക സഭ വളര്‍ച്ചയുടെ പാതയില്‍. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ മിയാവോ രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോർജ് പള്ളിപറമ്പില്‍ യു‌എസ് സന്ദര്‍ശനത്തിനിടെ ക്രുക്സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിവരിച്ചത്. രൂപത ശൈശവ ഘട്ടത്തിലാണെങ്കിലും ജനസംഖ്യ ഇരുപത് ശതമാനം വളർച്ച കൈവരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ഗോത്ര വംശജരുടെ പ്രദേശമായ അരുണാചലിൽ അക്രമണ പരമ്പരകൾ പതിവായിരുന്നു. സലേഷ്യൻ സഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലായിടത്തും ആരംഭിക്കുകയായിരിന്നു. ഇപ്പോൾ അവിടെ 44 പ്രാഥമിക വിദ്യാലയങ്ങൾ, 13 ഹൈസ്കൂളുകൾ, ഒരു കോളേജും കത്തോലിക്ക സഭയുടെ നേതൃത്വത്തിലുണ്ട്. കത്തോലിക്ക സ്ഥാപനങ്ങളിൽ 18,000 വിദ്യാർത്ഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്. ആൺ-പെൺ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ഇംഗ്ലീഷിനും പ്രാമുഖ്യം നല്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ, വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ്. അഭ്യസ്ഥവിദ്യരുടെ സാന്നിദ്ധ്യം പ്രദേശത്തെ സംഘർഷങ്ങൾക്ക് അറുതി വരുത്തിയെന്നും സമാധാനപരമായ ചർച്ചകൾക്ക് വഴിതെളിഞ്ഞുവെന്നും മാർ പള്ളിപറമ്പിൽ കൂട്ടിച്ചേർത്തു.

എൺപതുകളിൽ മിയോ പ്രദേശത്ത് സേവനം ആരംഭിച്ച ഫാ. പള്ളിപറമ്പിൽ, 2006 ലാണ് രൂപതാദ്ധ്യക്ഷനായി നിയമിതനായത്. നൂറോളം വൈദികരും മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി സന്യസ്തരും രൂപതയിൽ ശുശ്രൂഷ ചെയ്യുന്നു. കൂടാതെ, മുപ്പത് ഇടവകകളും മുപ്പത്തിയൊന്ന് വിദ്യാർത്ഥികളുമായി ഒരു സെമിനാരിയും മിയാവോ രൂപതയുടെ ഭാഗമാണ്.

ഇക്കാലയളവില്‍ നിരവധിയാളുകളാണ് ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 40വര്‍ഷങ്ങള്‍ക്കിടെ മുപ്പതു ശതമാനത്തിലധികം ക്രൈസ്തവ വളര്‍ച്ചയാണ് അരുണാചലില്‍ ഉണ്ടായിരിക്കുന്നത്.

More Archives >>

Page 1 of 377