News - 2024
അമേരിക്കന്‍ ആരാധനക്രമത്തിലെ സ്തുതി ഗീതങ്ങള്‍ക്ക് പുതിയ ഇംഗ്ലീഷ് തര്‍ജ്ജമ
സ്വന്തം ലേഖകന്‍ 22-10-2018 - Monday
വാഷിംഗ്‌ടണ്‍ ഡിസി: ആറു വര്‍ഷം പഴക്കമുള്ള നിലവിലത്തെ ആരാധനക്രമത്തിലെ സ്തോത്രയാഗ പ്രാര്‍ത്ഥനകള്‍ക്കും, സ്തുതിഗീതങ്ങള്‍ക്കും സമകാലിക ഇംഗ്ലീഷ് ഭാഷയില്‍ പുതിയ തര്‍ജ്ജമയുണ്ടാക്കുവാനുള്ള പദ്ധതിക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി (USCCB) അംഗീകാരം നല്‍കി. അറ്റ്ലാന്റയിലെ മെത്രാപ്പോലീത്തയും, അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ആരാധനാ തിരുസംഘത്തിന്‍റെ ചെയര്‍മാനുമായ വില്‍ട്ടണ്‍ ഗ്രിഗറിയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ മെത്രാന്‍ സമിതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്‍പാകെ ഈ ആവശ്യം ഉന്നയിച്ചത്. കമ്മിറ്റി ആവശ്യം അംഗീകരിക്കുകയായിരുന്നു.
2012-ല്‍ പദ്ധതിയിട്ടിരുന്ന 291 ലത്തീന്‍ പ്രാര്‍ത്ഥനകളില്‍ പൂര്‍ത്തിയായവയില്‍ 139 എണ്ണത്തിന്റെ ഇംഗ്ലീഷ് ഭാഷയിലെ തര്‍ജ്ജമകളാണ് ഇപ്പോള്‍ സമര്‍പ്പിക്കുവാന്‍ പോകുന്നതെന്ന് ഗ്രിഗറി മെത്രാപ്പോലീത്ത പറഞ്ഞു. ബാക്കിയുള്ള തര്‍ജ്ജമകള്‍ 2019 നവംബറിലോ, 2020 ജൂണിലോ സമര്‍പ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. നാല് വരികളുള്ള ഖണ്ഡങ്ങളായിട്ടാണ് പുതുതായി തര്‍ജ്ജമചെയ്യപ്പെട്ട ആരാധനാഭാഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
“പ്രെയിസ് ഗോഡ് ഫ്രം ഹും ഓള്‍ ബ്ലസ്സിംഗ്സ് ഫ്ലോ”, “ ക്രിയേറ്റര്‍ ഓഫ് ദി സ്റ്റാര്‍സ് ഓഫ് നൈറ്റ്”, “ഓ സേവിംഗ് വിക്ടിം”, “ഐ നോ ദാറ്റ് മൈ റെഡീമര്‍” തുടങ്ങിയവയുടെ അതേ ഈണത്തില്‍ തന്നെയായിരിക്കും പുതിയ സ്തുതിഗീതങ്ങള്‍. പൂര്‍ത്തിയായ 139 സ്തുതിഗീതങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമ നവംബര്‍ 12 മുതല്‍ 14 വരെ ബാള്‍ട്ടിമോറില്‍ വെച്ച് നടക്കുന്ന ജനറല്‍ അസംബ്ലിയിലെ ആരാധനകള്‍ക്കിടയില്‍ ഉപയോഗിക്കുവാന്‍ കഴിയത്തക്കവിധമാണ് പദ്ധതി പുരോഗമിക്കുന്നത്.