News - 2024

സഹനത്തിലൂടെയാണ് ക്രൈസ്തവര്‍ മഹത്വം നേടേണ്ടത്: ഫാ. സേവ്യർ ഖാൻ വട്ടായിൽ

സ്വന്തം ലേഖകന്‍ 23-10-2018 - Tuesday

ബെർമിംഗ്ഹാം: സഹനത്തിലൂടെയാണ് ക്രിസ്ത്യാനികൾ മഹത്വം നേടേണ്ടതെന്നു ഓര്‍മ്മിപ്പിച്ചു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എട്ടു നഗരങ്ങളില്‍ നടക്കുന്ന 'അഭിഷേകാഗ്നി 2018' കണ്‍വെന്‍ഷന്റെ ആദ്യവേദിയായ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ലായെന്നും അത് ദൈവാത്മാവിനേ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഭൂമിയിൽ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവർ സ്വർഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയിൽ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നൽകി സഭയെ നയിച്ചത് പരിശുദ്ധാതമാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷേകങ്ങളും അഭിഷിക്തരെയും പരിശുദ്ധാതമാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു". ഫാ. വട്ടായിൽ ആയിരകണക്കിന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുർബാനയിൽ കവെൻട്രി റീജിയനിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ സഹകാർമ്മികരായി. റീജിയണൽ ഡയറക്ടർ റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ റവ ഫാ സോജി ഓലിക്കൽ, കൺവെൻഷൻ കൺവീനർ ഫാ. ടെറിൻ മുല്ലക്കര, ഡോ. മനോ ജോസഫ് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു.

നാളെ ബുധനാഴ്ച പ്രസ്റ്റണിലെ സെന്‍റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിലും 25 ാം തീയതി വ്യാഴാഴ്ച നോറിച്ച് സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27 ാം തീയതി ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്‍ററിലും 28 ാം തീയതി ഞായറാഴ്ച ചെല്‍ട്ടണം റേസ് കോഴ്സിലും നവംബര്‍ 3 ാം തീയതി മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷന്‍ സെന്‍റെറിലും നവംബര്‍ 4 ാം തിയതി ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്‍റെറിലും വെച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

More Archives >>

Page 1 of 377