India - 2025
ചര്‍ച്ച് ബില്ലിനെതിരെ അഞ്ചു ലക്ഷം ഇ മെയില്‍
സ്വന്തം ലേഖകന്‍ 01-03-2019 - Friday
കോട്ടയം: ചര്‍ച്ച് ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 32 രൂപതകളിലും ചര്‍ച്ച് ബില്ലിനെതിരേ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിനും അഞ്ചു ലക്ഷത്തിലധികം പ്രതിഷേധ ഇമെയിലുകള്‍ അയക്കുവാന്‍ കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനം. lawreformskerala@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് മൂന്നിനും ആറിനും ഇടയ്ക്ക് അയച്ച് ലക്ഷകണക്കിന് ഇ മെയിലുകള്‍ അയക്കുവാനാണ് കെസിവൈഎം ആഹ്വാനം ചെയ്തിരിക്കുന്നത്.
ലോ റിഫോംസ് കമ്മീഷന്‍ തയാറാക്കിയ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ ഭരണഘടനാ വിരുദ്ധവും കത്തോലിക്കാ സഭയുടെ എതിരാളികളായിട്ടുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സഭയ്‌ക്കെതിരേ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ പറഞ്ഞു.
ഭരണഘടനയുടെ 26ാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളെ നിഷേധിക്കുന്നതാണ് ചര്‍ച്ച് ബില്‍. സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടുകൂടിയാണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഭയെ ദുര്‍ബലമാക്കുന്ന ബില്ലിനെ തള്ളിക്കളയണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ജോസഫ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, കെ.എസ്. ചീന, ഷാരോണ്‍ കെ. റെജി, ആര്‍. സന്തോഷ്, റോസ്‌മോള്‍ ജോസ്, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ പ്രസംഗിച്ചു.