Life In Christ - 2025
സ്കോട്ടിഷ് പാർലമെന്റിൽ ആദ്യമായി വിഭൂതി ശുശ്രൂഷ
സ്വന്തം ലേഖകന്‍ 08-03-2019 - Friday
എഡിൻബർഗ്: സ്കോട്ടിഷ് പാർലമെന്റിൽ ആദ്യമായി വിഭൂതി തിരുന്നാൾ തിരുക്കർമ്മങ്ങൾ നടന്നു. സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പായ ലിയോ കുഷ്ലിയുടെ മുഖ്യകാർമ്മികത്വത്തിലാണ് വിഭൂതി ബുധനാഴ്ച തിരുക്കര്‍മ്മങ്ങള്‍ നടന്നത്. മണ്ണില്‍ നിന്ന്‍ ആരംഭിച്ച മനുഷ്യന്‍ മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന് ഓര്‍മ്മിപ്പിച്ചു ആര്‍ച്ച് ബിഷപ്പ് പാർലമെന്റ് അംഗങ്ങളുടെ നെറ്റിയിൽ ചാരം പൂശി. വിഭൂതി കർമ്മത്തിലൂടെ നമ്മൾ ദുർബലരും, അനുസരണയില്ലാത്തവരും, ദൈവത്തിന്റെ സഹായം ആവശ്യമുളളവരുമാണെന്ന് അംഗീകരിക്കുകയാണെന്നും ദൈവവുമായുള്ള ബന്ധം നമുക്ക് പുനഃസ്ഥാപിക്കണമെന്നും ആർച്ച് ബിഷപ്പ് ലിയോ പറഞ്ഞു.
പാർലമെന്റിലെ കമ്മിറ്റി മുറിയിലാണ് തിരുകർമ്മങ്ങൾ നടന്നതെന്ന് അതിരൂപത പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. സ്കോട്ടിഷ് പാർലമെന്റ് അംഗമായ എലേയ്നി സ്മിത്താണ് പാർലമെന്റിനുള്ളിലെ തിരുനാൾ തിരുക്കർമ്മങ്ങൾ ക്രമീകരിച്ചത്. ആർച്ച് ബിഷപ്പിന്റെ സാന്നിധ്യവും പാർലമെൻറ് അംഗങ്ങൾക്കു നെറ്റിയില്‍ ചാരം പൂശിയതും ആനന്ദകരമായ കാര്യമായിരുന്നുവെന്ന് എലേയ്നി സ്മിത്ത് പത്രക്കുറിപ്പില്‍ കുറിച്ചു.
ഭാവിയിൽ കൂടുതൽ കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പാർലമെന്റിൽ നടക്കുമെന്ന് സ്കോട്ടിഷ് മെത്രാൻ സമിതിയുടെ പാർലമെന്ററി കാര്യ ഉദ്യോഗസ്ഥനായ അന്തോണി ഹോറോൺ പത്രക്കുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞവർഷം ചരിത്രത്തിലാദ്യമായി വിശുദ്ധ വാരത്തിൽ സ്കോട്ടിഷ് പാർലമെന്റിൽ വിശുദ്ധ കുർബാന അർപ്പണം നടന്നിരുന്നു.