Life In Christ
‘ദി സെന്‍ഡ്’: അമേരിക്കന്‍ പ്രേഷിത കൂട്ടായ്മയില്‍ പങ്കുചേര്‍ന്നത് പതിനായിരങ്ങള്‍
സ്വന്തം ലേഖകന്‍ 26-02-2019 - Tuesday
ഓര്‍ലാണ്ടോ: അമേരിക്ക ക്രിസ്തുവിലേക്ക് തിരിയുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ‘ജീസസ് മൂവ്മെന്റ്’ എന്ന പുതിയ പ്രേഷിത പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ഓര്‍ലാണ്ടോയില്‍വെച്ച് നടന്ന സംയുക്ത പ്രേഷിത കൂട്ടായ്മയില്‍ പങ്കെടുത്തത് നാല്‍പ്പത്തിനായിരത്തോളം വിശ്വാസികള്‍. ‘ദി സെന്‍ഡ്’ എന്ന പേരില്‍ ഓര്‍ലാണ്ടോയിലെ ക്യാമ്പിംഗ് വേള്‍ഡ് സ്റ്റേഡിയത്തില്‍വെച്ച് ശനിയാഴ്ച നടന്ന 12 മണിക്കൂര്‍ നീണ്ട പരിപാടിയുടെ തല്‍സമയ സംപ്രേഷണം എല്ലാ ദേവാലയങ്ങളിലും ഉണ്ടായിരുന്നു.
തങ്ങളുടെ ദൈവവിളി പൂര്‍ത്തിയാക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദി കാള്‍, യൂത്ത് വിത്ത് എ മിഷന്‍ (YWAM), സര്‍ക്യൂട്ട് റൈഡേഴ്സ്, ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്, ജീസസ് ഇമേജ്, ലൈഫ് സ്റ്റൈല്‍ ക്രിസ്റ്റ്യാനിറ്റി, ഡുനാമിസ് എന്നീ 7 പ്രമുഖ പ്രേഷിത കൂട്ടായ്മകള്‍ സംയുക്തമായാണ് ‘ദി സെന്‍ഡ്’ സംഘടിപ്പിച്ചത്. ‘ദി കാള്‍’ ന്റെ സ്ഥാപകനായ ലൌ എന്‍ഗലും, മറ്റ് പ്രേഷിത സംഘടനകളും തമ്മില്‍ എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൂടിയാലോചനയുടെ ഫലമാണ് “ദി സെന്‍ഡ്”.
ബില്ലി ഗ്രഹാമിന്റെ മരണത്തിനു ശേഷം പുതിയ സുവിശേഷകരെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശ്യവും ഈ പരിപാടിയുടെ പിന്നിലുണ്ട്. വരും തലമുറകളെ യേശുവിനായി നേടുകയും, സുവിശേഷ പ്രഘോഷണം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അവരെ അയക്കുക എന്നതും പരിപാടിയുടെ പിന്നിലെ മുഖ്യ ലക്ഷ്യമായിരിന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.