Life In Christ - 2025
"വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി, തലമുടി നീക്കി, എന്നാൽ യേശുവിനെ വിട്ടുകൊടുത്തില്ല": കൊറിയന്‍ തടവറയില്‍ നിന്നും ഒരു ക്രിസ്തു സാക്ഷ്യം
സ്വന്തം ലേഖകന്‍ 14-02-2019 - Thursday
പ്യോങ്ഗ്യാങ്: ഉത്തര കൊറിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയന്‍ സ്വദേശിനിയായ തടവുകാരി. “അവര്‍ എന്റെ പേര് മാറ്റി. എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി. എന്റെ തലമുടി വടിച്ചു കളഞ്ഞു. എന്നാല്‍ ഒരു കാര്യം മാത്രം അവര്‍ക്ക് എന്നില്‍ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. യേശുവിലുള്ള എന്റെ വിശ്വാസം! അതവര്‍ക്ക് ഉരിഞ്ഞുമാറ്റുവാന്‍ കഴിഞ്ഞില്ല". ‘പ്രിസണര്‍ 42’ എന്ന അപര നാമം സ്വീകരിച്ച തടവുകാരി വെളിപ്പെടുത്തിയ വാക്കുകളാണ് ഫോക്സ് ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കടുത്ത ക്ഷാമത്തെ തുടര്‍ന്ന്‍ തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുവാനായി ചൈനയിലേക്ക് പലായനം ചെയ്യാന്‍ ശ്രമം നടത്തിയ അവളെ ഭരണകൂടം തടവിലാക്കുകയായിരിന്നു. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സാണ് ക്രൈസ്തവ വിശ്വാസിയായ ഉത്തര കൊറിയക്കാരിയുടെ സഹനത്തിന്റെ കഥ പുറം ലോകത്തെത്തിച്ചത്. ഒരു വര്‍ഷത്തെ ഏകാന്ത തടവും, 2 വര്‍ഷത്തെ കഠിനമായ ജോലിക്കും ശേഷമാണ് അവള്‍ മോചിതയായത്. ക്രിസ്ത്യാനികളെ ഒരു ഭീഷണിയായിട്ടാണ് കിം കുടുംബം കരുതുന്നതെന്നും, കൊലപാതകവും, തടവറകളും, പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളും വഴി അവരെ ഇല്ലാതാക്കുവാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഓപ്പണ്‍ ഡോഴ്സുമായുള്ള അഭിമുഖത്തില്‍ പ്രിസണര്‍ 42 വെളിപ്പെടുത്തി.
‘നിവര്‍ന്നു നില്‍ക്കുവാന്‍ പോലും കഴിയാത്ത കുടുസ്സുമുറിയിലായിരുന്നു എന്നെ പാര്‍പ്പിച്ചിരുന്നത്. ഓരോ പ്രഭാതത്തിലും ഗാര്‍ഡുകള്‍ വന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്യുമായിരുന്നു. നീ എന്തിനു ചൈനയില്‍ പോയി? അവിടെ ആരെയാണ് കണ്ടത്? നീ ക്രിസ്ത്യാനിയാണോ? പള്ളിയില്‍ പോകാറുണ്ടായിരുന്നോ? കയ്യില്‍ ബൈബിളുണ്ടോ? ദക്ഷിണ കൊറിയക്കാരുമായി കൂടിക്കാഴ്ച നടത്തിയോ? തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍.’
ജയിലില്‍ കഴിയുമ്പോഴും മറ്റൊരു ക്രിസ്ത്യന്‍ യുവതിയുമായി ചേര്‍ന്ന് രഹസ്യമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മുന്നോട്ടുള്ള ജീവിത യാത്രയില്‍ ഉത്തര കൊറിയയിലെ ജയിലില്‍ നിന്ന്‍ തന്നെ സംരക്ഷിച്ച തന്റെ ദൈവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തണമെന്ന ഒറ്റ ആഗ്രഹത്തിലാണ് ഈ യുവതി ഇന്ന്‍. ഓപ്പണ്‍ ഡോഴ്സ് കണക്കുകള്‍ പ്രകാരം രണ്ടരലക്ഷത്തോളം തടവുകാരാണ് ഉത്തരകൊറിയയിലെ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ അരലക്ഷത്തോളം പേര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരാണ്.