Life In Christ

ഇന്തോനേഷ്യയിലെ അസ്മാത് ഗോത്ര സമൂഹത്തിൽ നിന്നും ആദ്യ വൈദികൻ

സ്വന്തം ലേഖകന്‍ 13-02-2019 - Wednesday

ജക്കാർത്ത: ഇന്തോനേഷ്യയിലെ തദ്ദേശീയ ഗോത്ര വംശമായ അസ്മാതില്‍ നിന്നും ആദ്യമായി കത്തോലിക്ക വൈദികന്‍. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും കിഴക്കൻ പ്രവിശ്യയിലെ അഗത്സ് രൂപതയ്ക്കും പുത്തന്‍ വിശ്വാസ സാക്ഷ്യം നല്‍കികൊണ്ടാണ് ഫാ.മോസസ് അമിസത്ത് എന്ന ഡീക്കന്‍ പൗരോഹിത്യം സ്വീകരിച്ചത്. അഗത്സ് ഹോളി ക്രോസ് കത്തീഡ്രലിൽ ഫെബ്രുവരി രണ്ടിന് നടന്ന ശുശ്രൂഷകളിൽ ബിഷപ്പ് മോൺ. അലോഷ്യസ് മുർവിറ്റോ കാർമ്മികത്വം വഹിച്ചു. തിരുപ്പട്ട ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അസ്മാത് ഗോത്ര വംശത്തില്‍ നിന്നും നിരവധി പേര്‍ പരമ്പരാഗത വേഷവും ധരിച്ചു ദേവാലയത്തില്‍ എത്തിയത് ശ്രദ്ധേയമായി.

പാപ്പുവ പ്രവിശ്യയിൽ നിന്നും ഏറെ മാറി സ്ഥിതി ചെയ്യുന്ന അഗത്സ് രൂപതയിൽ സന്യാസ വ്രതങ്ങൾ കുറവാണ്. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മോസസ് വൈദിക പഠനത്തിനായി 2005-2006 കാലഘട്ടത്തില്‍ വിശ്വാസ പരിശീലനം തേടുകയായിരിന്നു. 2013-14ല്‍ ബയുൻ ഇടവകയിൽ ഇടയ സേവനം നടത്തിയ അദ്ദേഹം 2017-ൽ അറ്റ്സജ് ഇടവകയിൽ ഡീക്കനായി അഭിഷിക്തനായി. ഫാ.മോസസ് അമിസത്തിനെ കൂടാതെ ബ്രദര്‍ ലോറൻസിയുസ് എ കുപേ, ബ്രദര്‍ ഇന്നസെന്റിയസ് നുർമലേ, ബ്രദര്‍ യൊഹന്നിസ് ലാരിറ്റമബൺ എന്നിവരും തിരുപട്ടം സ്വീകരിച്ചു.

കാമുർ ഇടവകയിലാണ് ഫാ. മോസസിനെ മോൺ. മുർവിറ്റോ നിയമിച്ചിരിക്കുന്നതെന്ന് അഗത്സ് കത്തീഡ്രൽ വികാരി ഫാ. ബോബി ഹരിമപെൻ പറഞ്ഞു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രൂപതയാണ് അഗത്സ്. കഴിഞ്ഞ വർഷം പോഷകാഹാരക്കുറവ് മൂലം എഴുപതോളം കുട്ടികളാണ് രൂപതയുടെ കീഴിലുള്ള പ്രദേശത്ത് മരണമടഞ്ഞത്. കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നിരവധി സന്നദ്ധ പ്രവർത്തകർ പ്രദേശത്ത് സഹായം ലഭ്യമാക്കിയിരുന്നു. പാവങ്ങളെ കൈപ്പിടിച്ചു ഉയര്‍ത്തുന്നതിനോടൊപ്പം അസ്മാത് സമൂഹത്തെ ക്രിസ്തുവിലേക്ക് കൂട്ടിക്കൊണ്ട് പോകുക എന്ന വലിയ ദൌത്യമാണ് ഫാ.മോസസ് അമിസെത്തിനുള്ളത്.

More Archives >>

Page 1 of 6