Life In Christ - 2025

സിസ്റ്റര്‍ പിയര്‍മരിയ: പുസ്തകങ്ങളിലൂടെ ക്രിസ്തുവിനെ കണ്ടെത്തിയ ജാപ്പനീസ് കന്യാസ്ത്രീ

സ്വന്തം ലേഖകന്‍ 16-03-2019 - Saturday

റോം: ജപ്പാനിലെ പരമ്പരാഗത മതമായ ഷിന്റോ മതവിശ്വാസത്തില്‍ നിന്നും സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായി തീര്‍ന്ന ജപ്പാന്‍ സ്വദേശിനി പിയര്‍മരിയ കോണ്ടോ റുമീകോയുടെ ജീവിത കഥ ഏവര്‍ക്കും പ്രചോദനമാകുന്നു. 'മാറ്റേഴ്സ് ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ പിയര്‍മരിയ തന്റെ ജീവിത നവീകരണത്തെ കുറിച്ച് മനസ്സ് തുറന്നത്.

ജപ്പാന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഷികോകു ദ്വീപിലെ എഹിമേയിലാണ് പിയര്‍മരിയ ജനിച്ചത്. പ്രകൃതിയേയും, ബഹുദൈവങ്ങളേയും ആരാധിക്കുന്ന ഷിന്റോ മതത്തിലായിരുന്നു അവളുടെ കുടുംബം വിശ്വസിച്ചിരുന്നത്. ജനിച്ചപ്പോള്‍ തന്നെ ജപ്പാനിലെ പതിവനുസരിച്ച് തന്റെ മാതാപിതാക്കളും തന്നെ ഷിന്റോ ആരാധനാലയത്തില്‍ സമര്‍പ്പിച്ചു എന്ന് സിസ്റ്റര്‍ പിയര്‍മരിയ സ്മരിക്കുന്നു. വിശ്വാസപരമായ കാര്യങ്ങളില്‍ മുത്തശ്ശി ഏറെ സ്വാധീനം ചെലുത്തിയിരിന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ധാരാളം പുസ്തകങ്ങള്‍ വായിച്ചിരിന്ന പിയര്‍മരിയയുടെ ജീവിതം മാറ്റിമറിച്ചതും ഒരു പുസ്തകം തന്നെയാണ്. പതിവായി പോകുന്ന ബുക്ക് സ്റ്റോറില്‍ പുസ്തകം തിരയുന്നതിനിടെയാണ് കാള്‍ ഹില്‍റ്റിയുടെ 'സ്ലീപ്‌ലെസ്സ് നൈറ്റ്സ്' എന്ന പുസ്തകം അവളുടെ കണ്ണില്‍പ്പെട്ടത്. ആ പുസ്തകത്തില്‍ നിരവധി ബൈബിള്‍ വാക്യങ്ങള്‍ ഏറെ ഉണ്ടായിരുന്നു. അങ്ങനെയാണ് താന്‍ ബൈബിളുമായി അടുത്തതെന്നു സിസ്റ്റര്‍ പിയര്‍ മരിയ തുറന്ന്‍ സമ്മതിക്കുന്നു. എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും യേശു എന്നെ കൈവെടിയുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി.

"പിതാവ് എനിക്ക് നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളികളയുകയില്ല" (യോഹ 6:37) എന്ന സുവിശേഷവാക്യമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നാണ് സിസ്റ്റര്‍ പിയര്‍മരിയ പറയുന്നത്. തന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ അവള്‍ പോയിക്കൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലെ പാസ്റ്റര്‍ തന്നെയാണ് കത്തോലിക്ക സഭയില്‍ ചേരുവാന്‍ അവളെ ഉപദേശിച്ചത്. പിന്നീട് കത്തോലിക്കാ ദേവാലയത്തിലെ റിസപ്ഷനില്‍ ജോലി ചെയ്തിരുന്ന സ്ത്രീ അവള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചു.

ഇരുപത്തിനാലാമത്തെ വയസ്സിലാണ് പിയര്‍മരിയ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. മാതാപിതാക്കളുടെ എതിര്‍പ്പും, അസുഖങ്ങളും വകവെക്കാതെ ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍ സന്യാസിനി സഭയില്‍ ചേര്‍ന്ന പിയര്‍മരിയ 2012-ല്‍ നിത്യവൃതവാഗ്ദാനം സ്വീകരിച്ചു. ക്രിസ്തുവിന്റെ പോരാളിയായി സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കുകയാണ് ഇന്നു സിസ്റ്റര്‍ പിയര്‍മരിയ.

More Archives >>

Page 1 of 7