Life In Christ - 2025

സ്പെയിനിൽ വൈദികരാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

സ്വന്തം ലേഖകന്‍ 21-03-2019 - Thursday

മാഡ്രിഡ്: യൂറോപ്യൻ രാജ്യമായ സ്പെയിനിൽ വൈദികരാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സ്പെയിനിലെ മെത്രാൻസമിതി മാർച്ച് പന്ത്രണ്ടാം തീയതി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2017ൽ 109 പേർ പൗരോഹിത്യ പട്ടം സ്വീകരിച്ചപ്പോൾ, 2018ൽ അത് 135 ആയി ഉയർന്നു. അതായത് 2017 നെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വർദ്ധനവ്. മാഡ്രിഡ് അതിരൂപതയിലാണ് ഏറ്റവും കൂടുതൽ പൗരോഹിത്യ സ്വീകരണം നടന്നത്. 14 വൈദിക വിദ്യാർത്ഥികളാണ് അതിരൂപതയ്ക്ക് വേണ്ടി പട്ടം സ്വീകരിച്ചത്. പിന്നാലെ 10 പൗരോഹിത്യ സ്വീകരണവുമായി വലൻസിയ രൂപതയാണുള്ളത്.

മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ സെമിനാരി പഠനം, ഇടയ്ക്കുവെച്ച് നിർത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. രാജ്യത്ത് മുഴുവൻ 70 രൂപതകൾ ഉണ്ടെങ്കിലും സെമിനാരിയിൽ പ്രവേശിച്ച പകുതിയിലധികം വിദ്യാർത്ഥികൾ 15 രൂപതകളിൽ നിന്ന് ഉള്ളവരാണ്. രാജ്യത്തെ 7 രൂപതകൾക്കും, 7 സെമിനാരികൾക്കും ദൈവവിളിയുടെ എണ്ണത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നു ഫാ. ജൂലിയോ ഗോമസ് എന്ന വൈദികൻ തുറന്നുപറയുന്നു.

കത്തോലിക്കാ വിശ്വാസത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രഘോഷിക്കുന്ന മെത്രാന്മാരും, യുവജന മിനിസ്ട്രിയുടെ സാന്നിധ്യവുമാണ് രാജ്യത്തെ ദൈവവിളിയുടെ എണ്ണത്തിലുള്ള വർദ്ധനവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിയോ കാറ്റിക്യുമനൽ വേ എന്ന കൂട്ടായ്മ സ്പെയിനിലെ ദൈവവിളികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പോഷകമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

More Archives >>

Page 1 of 7