News - 2024

ക്രൈസ്തവര്‍ക്ക് നേരെയുള്ള കടുത്ത പീഡനത്തില്‍ ആശങ്കയുമായി അമേരിക്കന്‍ ജനത

സ്വന്തം ലേഖകന്‍ 23-03-2019 - Saturday

വാഷിംഗ്‌ടണ്‍ ഡിസി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളില്‍ അമേരിക്കന്‍ ജനതയുടെ ആശങ്ക വര്‍ദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം പുറത്ത്. പേപ്പല്‍ ചാരിറ്റി സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ (ACN) അമേരിക്കന്‍ ശാഖയായ എസിഎന്‍- യു.എസ്.എ അമേരിക്കയിലെ കത്തോലിക്കര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ ആഗോളതലത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ കടുത്ത മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ഓരോവര്‍ഷവും ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനത്തോളം പേര്‍ പറഞ്ഞത് ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്നുവെന്നാണ്. എ.സി.എന്‍-യു.എസ്.എ.യുടെ ആവശ്യപ്രകാരം മക്-ലാഫ്ലിന്‍ & അസ്സോസിയേറ്റ്സ് ആയിരത്തോളം കത്തോലിക്കര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 19 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനപ്രശ്നത്തില്‍ തങ്ങളുടെ ഇടവക സജീവമാണെന്ന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 37 ശതമാനമായിരുന്നു.

ഇക്കാര്യത്തില്‍ തങ്ങളുടെ ഇടവകയുടെ ഇടപെടലിനെക്കുറിച്ച് അറിവില്ലാത്തവര്‍ 22 ശതമാനമാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ ഫ്രാന്‍സിസ് പാപ്പ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ മെത്രാന്‍ ഇടപെടുന്നുണ്ടെന്ന്‍ വിശ്വസിക്കുന്നവര്‍ 24 ശതമാനവും. ക്രൈസ്തവര്‍ക്കെതിരെ കടുത്ത മതപീഡനം നടക്കുന്നുണ്ടെങ്കിലും, മനുഷ്യക്കടത്തും, ദാരിദ്ര്യവും, അഭയാര്‍ത്ഥിപ്രശ്നവുമാണ് അടിയന്തരമായി നേരിടേണ്ട വിഷയങ്ങളെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. മതപീഡനം ചെറുക്കുന്നതില്‍ പ്രാര്‍ത്ഥനക്കാണ് അമേരിക്കന്‍ കത്തോലിക്കര്‍ മുന്‍തൂക്കം നല്‍കുന്നത്.

ഇടവകതലത്തിലുള്ള ബോധവത്കരണം വേണമെന്ന് പറഞ്ഞവരുമുണ്ട്. വളരെക്കുറച്ച് പേര്‍ മാത്രമാണ് സൈനീക നടപടികള്‍ വേണമെന്ന് പറഞ്ഞത്. അമേരിക്കക്കാരില്‍ പകുതിയോളം പേര്‍ കഴിഞ്ഞവര്‍ഷം മതപീഡനത്തിനിരയാവര്‍ക്ക് സംഭാവനയൊന്നും ചെയ്തിട്ടില്ലെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സംഘടനയുടെ പുതിയ പഠനഫലം പുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

More Archives >>

Page 1 of 429